ഒമാൻ കൊമേഴ്‌സ് ചേംബറിൽ നിക്ഷേപക സംഗമം

മസ്‌കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലബാർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ "ഇൻവെസ്‌റ്റേഴ്‌സ് മീറ്റ് 2026' സംഘടിപ്പിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽനിന്നുള്ള നൂറിലധികം നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുത്തു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാൻ എൻജിനിയർ ഹമൂദ് സലിം അൽ സഅദി പരിപാടി ഉദ്ഘാടനംചെയ്തു. ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ അതിഥിയായി. ചേംബർ ഓഫ് കൊമേഴ്‌സിലെ ആദ്യ പ്രവാസി ബോർഡ് അംഗവും ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ അബ്ദുൾ ലത്തീഫ് മൊയ്തീൻ കുഞ്ഞി ഒമാനിലെ നിക്ഷേപ സാധ്യതകൾ, വ്യവസായ സൗഹൃദ അന്തരീക്ഷം, വിദേശ നിക്ഷേപകർക്ക് ലഭ്യമായ അവസരങ്ങൾ എന്നിവ വിശദീകരിച്ചു.
സ്മാർട്ട് ഇൻവെസ്റ്റ്‌മെന്റ് ഗെറ്റ്‌വേ സ്ഥാപകൻ ഡോ. യൂസഫ് അൽ ബലൂഷി ഒമാനിലെ നിക്ഷേപസാധ്യതകൾ അവതരിപ്പിച്ചു. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. ഡേവിസ് കല്ലൂക്കാരൻ പാനൽ ചർച്ചയുടെ മോഡറേറ്ററായി. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. തോമസ് അലക്‌സാണ്ടർ, അഹമ്മദ്ദ് സുബാനി, ചെയർമാൻ അദ്ബുൾ ലത്തീഫ് ഉപ്പള എന്നിവർ നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സുഹൈൽ ഖാൻ, മലബാർ വിങ് കൺവീനർ നൗഷാദ് കക്കേരി, കോ കൺവീനർ സിദ്ദീഖ് ഹസൻ എന്നിവർ സംസാരിച്ചു. മലബാർ വിങ് ട്രഷറർ എം എ റഫീഖ് അവതാരകനായി. മലബാർ വിങ് മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ നിധീഷ് മാണി, ജിജോ കടന്തോട്ട്, അഫാൻ, മനോഹരൻ ചെങ്ങളായി, ഷഫീറ ഷമീർ എന്നിവർ നേതൃത്വം നൽകി.










0 comments