ad
Deshabhimani

അടിസ്ഥാന ജനവിഭാഗങ്ങളെ കൈയൊഴിയുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം: എൽഡിഎഫ്

LDF
വെബ് ഡെസ്ക്

Published on Aug 08, 2026, 04:35 PM | 2 min read

തിരുവനന്തപുരം: അടിസ്ഥാന ജനവിഭാഗങ്ങളെ കൈയൊഴിയുന്ന നിലപാടിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണമെന്ന് എൽഡിഎഫ്. മത്സ്യത്തൊഴിലാളികളോടും കർഷകത്തൊഴിലാളികളോടും സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം മന്ത്രി നടത്തിയെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.


മുതലപ്പൊഴിയിലും വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ വൈകുന്നതുമൂലം കുടുംബങ്ങൾ അനുഭവിക്കുന്ന ദുഃഖവും നാട്ടിലെ രോഷവും സർക്കാർ കാണുന്നില്ല. ഉറ്റവരും നാട്ടുകാരും പലവട്ടം പ്രതിഷേധം പ്രകടിപ്പിച്ചിട്ടും സർക്കാർ കണ്ണുതുറക്കാൻ തയ്യാറായിട്ടില്ല. ഫിഷറീസ് മന്ത്രി എവിടെയെന്ന് ചോദിക്കേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ.


കടലിൽ പല അപകടങ്ങളിലായി മുമ്പും തൊഴിലാളികളെ കാണാതായിട്ടുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിലെല്ലാം സർക്കാർ എന്ത് നിലപാടെടുത്തു എന്നതാണ് പ്രധാനം. ശാശ്വതമായ പരിഹാര നടപടികൾ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയും അടിയന്തര നടപടികൾ ഒരു നിമിഷം വൈകാതെ ചെയ്യുകയുമാണ് വേണ്ടത്. എട്ട് ദിവസം പിന്നിട്ടിട്ടും ഈ മൂന്ന് പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ പരാതി പരിഹരിക്കാൻ സർക്കാരിനായിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.


ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തുന്ന തീരുമാനം ഏറ്റവും താഴേത്തട്ടിലുള്ള കർഷകത്തൊഴിലാളികളടങ്ങുന്ന സമൂഹത്തിന്റെ നെഞ്ചിൽ തീ കോരിയിടുന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ സഹായമില്ലാതെ ബാങ്കിൽ പോകാനോ പുറത്തിറങ്ങാനോ സാധിക്കാത്ത ലക്ഷക്കണക്കിന് പേർക്ക് വലിയ ആശ്വാസമായിരുന്നു വീട്ടിൽ പെൻഷൻ എത്തിക്കുന്ന നടപടി. അവരുടെ കഷ്ടപ്പാട് കണ്ടാണ് എൽഡിഎഫ് സർക്കാർ ഈ സംവിധാനം ഏർപ്പെടുത്തിയത്. ഇപ്പോൾ അവരെ തെരുവിലേക്ക് വലിച്ചെറിയുകയാണ്.


ക്ഷേമ പെൻഷനടക്കമുള്ള ആനുകൂല്യങ്ങളെല്ലാം അവരുടെ അവകാശമാണെന്ന നിലപാടാണ് എൽഡിഎഫിനുള്ളത്. പാവപ്പെട്ടവരെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സ്ത്രീകളോട് ഈ സർക്കാർ എന്ത് തരം സമീപനമാണ് സ്വീകരിക്കുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സി പി ജോൺ നടത്തിയ അധിക്ഷേപകരമായ പരാമർശം. യുഡിഎഫ് തന്നെ വാഗ്ദാനം ചെയ്ത പദ്ധതിയാണ് സൗജന്യ യാത്ര. എന്താണോ പ്രഖ്യാപിച്ചത് അതല്ല നടപ്പാക്കിയത്. മുഴുവൻ ബസിലും സൗജന്യ യാത്ര ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്ത്രീകൾക്ക് നിശ്ചയിക്കപ്പെട്ട ഓർഡിനറി ബസിൽ മാത്രമായി യാത്ര ചുരുക്കി. ഇപ്പോൾ അതിൽ കയറി യാത്ര ചെയ്യുന്നതിനെയും അധിക്ഷേപിക്കുകയാണ് മന്ത്രി ചെയ്തത്.


യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസമാകുമ്പോഴേക്കും കടുത്ത രോഷത്തിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്രയേറെ ജനവിരുദ്ധമായ നയങ്ങളാണ് നടപ്പാക്കുന്നത്. പറഞ്ഞ ഒരു വാക്കും പാലിക്കാൻ തയ്യാറാകുന്നില്ല. ദുരിതമനുഭവിക്കുന്നവരെ പോലും തിരിഞ്ഞുനോക്കുന്നില്ല.


തെറ്റിദ്ധരിപ്പിച്ചും വ്യാജപ്രചാരണം നടത്തിയും തീരദേശത്തെ വീടുകളിൽ കയറിയിറങ്ങി വോട്ട് വാങ്ങി ജനങ്ങളെ കബളിപ്പിച്ചവർ അധികാരത്തിൽ കയറിയപ്പോൾ അവരെ തള്ളിപ്പറഞ്ഞു. തിരത്തേക്ക് പോകാൻ പോലും കൊള്ളില്ലെന്ന് ഒരു മുഖ്യമന്ത്രി പറയാൻ പാടില്ലാത്ത ഭാഷയാണ്.


ഇത്തരം സമീപനങ്ങൾ അവസാനിപ്പിച്ച് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി സർക്കാർ തയ്യാറാകണമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home