ആഡംബര കാറിടിച്ച് വയോധിക മരിച്ചു; കാറിൽ മദ്യക്കുപ്പി

Photo: NDTV
ന്യൂഡൽഹി: മദ്യലഹരിയിൽ എസ്ഐയുടെ മകന്റെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വടക്കൻ ഡൽഹിയിലെ നരേലയിൽ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്ക് ഇറങ്ങിയ മാമൂർപുർ സ്വദേശി ഊർമ്മിള (70)യാണ് മരണപ്പെട്ടത്. ഹരിയാനയിലെ സബ് ഇൻസ്പെക്ടറുടെ മകൻ ശുഭം ഓടിച്ച ആഢംബര കാർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ശുഭത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാർ അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട് എത്തിയ മെഴ്സിഡസ് കാർ എതിർദിശയിൽ വന്ന വാഗൺആർ കാറിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വാഗൺആർ കാർ സമീപത്തെ ചരക്കു വാഹനത്തിലേക്ക് ഇടിച്ചു കയറി. ഈ സമയം സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ഊർമ്മിള, രണ്ടു വാഹനങ്ങളുടേയും ഇടയിൽ പെടുകയായിരുന്നു. ഊർമ്മിള സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. അപകടത്തിൽ വാഗൺആർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇയാൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
അപകടസമയത്ത് കാറോടിച്ചിരുന്ന ശുഭം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നാലെ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇയാൾ മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം, ആഢംബര കാറിൽ നിന്ന് ബിയർ കുപ്പികൾ കണ്ടെടുത്തതായി എൻഡിടിവി റിപ്പോർട് ചെയ്യുന്നു. കാറിൽ മദ്യക്കുപ്പി ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.










0 comments