അന്താരാഷ്ട്ര നേഴ്സസ് ദിനം; നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് എസ്‌യുവി കാറുകൾ

nurses ്ോബ
വെബ് ഡെസ്ക്

Published on May 07, 2025, 04:52 PM | 1 min read

അബുദാബി: അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നേഴ്‌സുമാരെ കാത്തിരുന്നത് വമ്പൻ സർപ്രൈസ്. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് ടൊയോട്ട ആർഎവി4 കാർ സമ്മാനിച്ചാണ് യുഎഇ യിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.


ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച നേഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിംഗ് ഫോഴ്സ് അവാർഡ്സിലാണ് ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം ഓരോരുത്തരെയും കാത്തിരുന്നത്. വിജയികളിൽ നാല് മലയാളികളുൾപ്പടെ ആറ് ഇന്ത്യക്കാരുണ്ട്. ബാക്കിയുള്ളവർ ഫിലിപ്പൈൻസ്, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ.


ബുർജീൽ മെഡിക്കൽ സിറ്റിയിൽ നേഴ്സിങ് എഡ്യൂക്കേഷൻ മാനേജരായ കണ്ണൂർ സ്വദേശിനി അനി എം. ജോസ്, അൽ റീമിലെ ബുർജീൽ ഡേ സർജറി സെന്ററിൽ നേഴ്സായ പത്തനംതിട്ട സ്വദേശിനി അർച്ചന കുമാരി, ദുബായ് മെഡിയോർ ആശുപത്രിയിൽ നേഴ്സായ സിബി മാത്യു, അൽ ഐനിലെ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ ഐസിയു നേഴ്സായ വിഷ്ണു പ്രസാദ് എന്നിവരാണ് സമ്മാനിതരായ മലയാളികൾ. തമിഴ്‌നാട് സ്വദേശികളായ പ്രിയങ്ക ദേവിയും നബീൽ ഇക്‌ബാലുമാണ് പുരസ്കാരം നേടിയ മറ്റ് ഇന്ത്യക്കാർ.


അബുദാബിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദും വിജയികൾക്ക് താക്കോൽ കൈമാറി. ബുർജീൽ യൂണിറ്റുകളിലുടനീളം മാസങ്ങൾ നീണ്ട വിലയിരുത്തലുകൾക്ക് ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. നഴ്സുമാരുടെ പ്രകടനം, കമ്മ്യൂണിറ്റി സേവനം, രോഗികളുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എന്നിവ അവലോകനം ചെയ്താണ് അന്തിമവിജയികളെ തീരുമാനിച്ചത്. വരും ദിനങ്ങളിൽ ബുർജീലിന്റെ ആരോഗ്യശൃംഖലയിലുള്ള 100 നേഴ്സുമാർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും നൽകുമെന്ന് അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home