പ്രവാസികളിൽ ഇന്ത്യക്കാർ മുന്നിൽ; കുവൈത്ത് ജനസംഖ്യ 53.1 ലക്ഷമായി

കുവൈത്ത് സിറ്റി : കുവൈത്തിലെ ആകെ ജനസംഖ്യ 2026 ജൂൺ അവസാനത്തോടെ 53.1 ലക്ഷമായി ഉയർന്നതായി റിപ്പോർട്ട്. ഇതിൽ 15.6 ലക്ഷം സ്വദേശികളും 37.4 ലക്ഷം പ്രവാസികളുമാണ്. ആകെ ജനസംഖ്യയുടെ 70 ശതമാനം പ്രവാസികളാണെന്നും സിവിൽ ഇൻഫർമേഷൻ അതോറിറ്റി (പിഎസിഐ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രവാസി സമൂഹത്തിൽ 10.6 ലക്ഷമുള്ള ഇന്ത്യക്കാർ ഏറ്റവും വലിയ വിഭാഗമായി തുടരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാരാണ്. 6.7 ലക്ഷംപേരുമായി ഈജിപ്തുകാർ രണ്ടാംസ്ഥാനത്തും 3.33 ലക്ഷമുള്ള ബംഗ്ലാദേശുകാർ മൂന്നാംസ്ഥാനത്തുമാണ്. തുടർന്ന് ഫിലിപ്പീൻസ് (2.26 ലക്ഷം), സിറിയ (2.01 ലക്ഷം), ശ്രീലങ്ക (1.97 ലക്ഷം), നേപ്പാൾ (1.87 ലക്ഷം), സൗദി (1.56 ലക്ഷം), പാകിസ്ഥാൻ (1.06 ലക്ഷം) എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ്.
രാജ്യത്തെ തൊഴിൽശക്തി 32.64 ലക്ഷം പേരാണെന്നും ഇത് ആകെ ജനസംഖ്യയുടെ 61 ശതമാനമാണെന്നും കണക്കുക്ളിലുണ്ട്. ഇതിൽ 28 ലക്ഷം പ്രവാസികളാണ്. തൊഴിൽശക്തിയുടെ 75 ശതമാനവും വിദേശ തൊഴിലാളികളാണ്. അതിൽ 28.8 ശതമാനവുമായി ഇന്ത്യക്കാർതന്നെയാണ് ഒന്നാംസ്ഥാനത്ത്. ഈജിപ്തുകാർ 14.6 ശതമാനം, സ്വദേശികൾ 14.2 ശതമാനം പങ്കുംവഹിക്കുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാരിൽ 30.7 ശതമാനവും ഇന്ത്യക്കാരാണ്.
സർക്കാർ മേഖലയിലെ ജീവനക്കാരിൽ 74.7 ശതമാനവും സ്വദേശികളാണ്. സ്വദേശികളുടെ തൊഴിൽപങ്കാളിത്ത നിരക്ക് 32 ശതമാനമാണ്. തൊഴിൽ രംഗത്തുള്ള സ്വദേശി പുരുഷന്മാരുടെയും സ്ത്രീകളുടെയും പങ്ക് 50 ശതമാനം വീതമാണ്. രാജ്യത്ത് 8.83 ലക്ഷം ഗാർഹിക തൊഴിലാളികളുണ്ടെന്നും ഇത് ആകെ തൊഴിൽശക്തിയുടെ 27 ശതമാനമാണെന്നും റിപ്പോർട്ടിലുണ്ട്. ഗാർഹിക തൊഴിലാളികളിൽ 57.7 ശതമാനം സ-്‌ത്രീകളാണ്. ഈ മേഖലയിലും 39 ശതമാനം പങ്കുമായി ഇന്ത്യക്കാരാണ് വലിയ വിഭാഗം. പുരുഷന്മാരാണ് കുവൈത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷം. ആകെ ജനസംഖ്യയിൽ 32.1 ലക്ഷം പേർ പുരുഷന്മാരാണ്, 60 ശതമാനം. 21 ലക്ഷം പേരാണ് സ്ത്രീകൾ. കൂടാതെ, രാജ്യത്തെ ആകെ ജനസംഖ്യയുടെ 81 ശതമാനമായ 42.8 ലക്ഷം പേർ തൊഴിൽപ്രായത്തിലുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.










0 comments