മുംബൈയിൽ വിദ്യാർഥി സമരത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി പൊലീസുകാരൻ; വീഡിയോ വിവാദത്തിൽ

Photo Credit:Social Media
മുംബൈ: മുംബൈയിലെ ദാദറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
മുംബൈ പൊലീസ് ഈ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയെങ്കിലും ശക്തമായ വിമർശനമാണ് ഉയരുന്നത്. മുംബൈയിലെ ദാദറിൽ നടന്ന വിദ്യാർഥി സമരത്തിനിടെയാണ് സംഭവം. സിവിൽ വേഷത്തിലെത്തിയ പൊലീസുകാരൻ യുവതിയെ മോശമായി പിടിച്ച് വലിച്ചിഴയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ വീഡിയോ ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥനെ ന്യായീകരിച്ചു. പുരുഷ പ്രതിഷേധക്കാരനെ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് യുവതി ഇടയിൽ കയറിയതെന്നും ഉദ്യോഗസ്ഥൻ എതിർദിശയിലേക്ക് നോക്കുകയായിരുന്നുവെന്നുമാണ് പോലീസ് വിശദീകരണം.
മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ പരിശോധിച്ച് പൊലീസുകാരന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതായും വ്യക്തമാക്കി. വീഡിയോയുടെ രണ്ടാം ഭാഗത്ത് പൊലീസുകാരൻ യുവതിയെ നോക്കിക്കൊണ്ടുതന്നെയാണ് പിടിച്ചിരിക്കുന്നതെന്നും കൈ മാറ്റിയിട്ടില്ലെന്നും വ്യക്തമാകുന്നുണ്ട്.
തുടർച്ചയായി രണ്ടാം ദിവസമാണ് മുംബൈ പോലീസിന്റെ പെരുമാറ്റം വിവാദത്തിലാകുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വ്യാജ മയക്കുമരുന്ന് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മറ്റൊരു പൊലീസുകാരനെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് സസ്പെൻഡ് ചെയ്തിരുന്നു.









0 comments