ad
Deshabhimani

രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക്; സിഎസ്‌കെയിലേക്ക് എത്തിയതിനെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

Sanju samsan
വെബ് ഡെസ്ക്

Published on Jul 24, 2026, 06:13 PM | 2 min read

ചെന്നൈ: 2026 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയ തീരുമാനത്തെക്കുറിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ മനസ് തുറന്നു.


തന്റെ കരിയറിലെ വലിയൊരു റിസ്കായിരുന്നു രാജസ്ഥാൻ വിടുക എന്നത് എന്ന് തുറന്നു പറഞ്ഞ സഞ്ജു, തുടക്കത്തിലെ ഫോമില്ലായ്മയിൽ മുന്‍ ചെന്നൈ നായകന്‍ എംഎസ് ധോണി തനിക്ക് നൽകിയ ഉപദേശമാണ് ആത്മവിശ്വാസം നൽകിയതെന്ന് ജിയോ സ്റ്റാറിന്‍റെ 'സൂപ്പർസ്റ്റാർസ്' എന്ന പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.


18 കോടി രൂപയ്ക്കാണ് ഐപിഎല്ലിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്നിലൂടെ സഞ്ജു സാംസൺ ചെന്നൈയിലെത്തിയത്. പകരം സാം കുറനെയും രവീന്ദ്ര ജഡേജയെയും ചെന്നൈയില്‍ നിന്ന് രാജസ്ഥാൻ ടീമിലെത്തിച്ചു.


രാജസ്ഥാൻ മാനേജ്‌മെന്‍റിനോട് ടീം വിടുകയാണെന്ന് പറഞ്ഞാൽ പിന്നെ തിരിച്ചുപോക്കില്ല. ചിലപ്പോൾ ലേലത്തിൽ ഏത് ടീമിൽ എത്തുമെന്നുപോലും ഉറപ്പില്ലാത്ത അവസ്ഥ വന്നേക്കാം. എങ്കിലും 2025 എന്‍റെ അവസാന സീസണായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. ആഴ്ചകളോളം കുടുംബവുമായി ചർച്ച ചെയ്ത ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത് സഞ്ജു പറഞ്ഞു.


30 വയസ്സായി, വെല്ലുവിളി ഏറ്റെടുത്ത് പൂജ്യത്തിൽ നിന്ന് തുടങ്ങാൻ ഞാൻ തയ്യാറായിരുന്നു. എന്‍റെ ബാറ്റിംഗ് ശൈലി ചെപ്പോക്കിലെ സ്ലോ പിച്ചിൽ ഫലിക്കില്ലെന്ന് പലരും പറഞ്ഞു. എന്നാൽ വിമർശകരുടെ വായടപ്പിച്ചു സ്വന്തമായി ഒരു വഴി കണ്ടെത്താൻ താൻ തന്നോട് തന്നെ ആവശ്യപ്പെട്ടുവെന്നും സഞ്ജു പറഞ്ഞു.


ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റായി മിന്നുന്ന ഫോമിലാണ് സഞ്ജു സിഎസ്കെയിലെത്തിയത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കാണാതെ പുറത്താവുകയും ചെന്നൈ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. ഇങ്ങനൊരു പ്രതിസന്ധി ഘട്ടത്തിലാണ് എംഎസ് ധോണി തനിക്ക് വലിയ പിന്തുണയുമായി എത്തിയതെന്ന് സഞ്ജു പറഞ്ഞു.


ആദ്യ മൂന്ന് തോൽവികൾക്ക് ശേഷം പ്രാക്ടീസിനിടെ മഹി ഭായ് (ധോണി) എന്നോട് സംസാരിച്ചു. ഞാൻ ഓക്കെയാണോ എന്ന് അദ്ദേഹം ചോദിച്ചു. 'ഭയ്യാ, ഞാൻ ഓക്കെയാണ്, പക്ഷേ...' എന്ന് ഞാൻ പറഞ്ഞു തുടങ്ങി.


ഉടൻ തന്നെ അദ്ദേഹം എന്നെ തടഞ്ഞു: 'പക്ഷേ എന്നതിലേക്ക് ചിന്ത കാടുകയറേണ്ട. നീ എന്താണോ ഏറ്റവും നന്നായി ചെയ്യുന്നത് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാം ശരിയാകും.' സഞ്ജു വെളിപ്പെടുത്തി.



ധോണിയുടെ ഈ വാക്കുകൾ തനിക്ക് വലിയൊരു പാഠമായിരുന്നുവെന്ന് സഞ്ജു പറയുന്നു സമ്മർദ്ദത്തിന് വഴങ്ങാനോ ശൈലി മാറ്റാനോ നിൽക്കാതെ അടുത്ത മത്സരത്തിനിറങ്ങിയ സഞ്ജു, ഡൽഹി ക്യാപിറ്റൽസിനെതിരെ 115 റൺസ് നേടി പുറത്താകാതെ തകർപ്പൻ സെഞ്ചുറിയോടെ തിരിച്ചുവരവ് നടത്തി.


തുടക്കത്തിലെ തിരിച്ചടികൾ മറികടന്ന സഞ്ജു, ചെന്നൈയ്ക്കായി ഈ സീസണിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 43.36 ശരാശരിയിലും 165.63 സ്ട്രൈക്ക് റേറ്റിലും 477 റൺസ് അടിച്ചുക്കൂട്ടി. രണ്ട് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ പ്രകടനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home