ad
Deshabhimani

വഖഫിൽ സംഘപരിവാർ നിലപാട് നടപ്പാക്കാൻ യുഡിഎഫ് തിടുക്കം കാട്ടുന്നു: എം വി ​ഗോവിന്ദൻ

MV Govindan
വെബ് ഡെസ്ക്

Published on Jul 24, 2026, 06:06 PM | 2 min read

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയിൽ കേന്ദ്രസർക്കാരിനും സംഘപരിവാറിനും കീഴടങ്ങുന്ന സമീപനമാണ് വി ഡി സതീശൻ സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന കേന്ദ്രനിയമത്തിനെതിരായ കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴും കേസ് തീർന്നെന്ന തെറ്റായ വാദം ഉയർത്തി നിയമം നടപ്പാക്കാനാണ് സതീശൻ സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


വഖഫ് ഹർജി സുപ്രീംകോടതി തള്ളിയെന്നും അതിനാൽ നിയമം സംസ്ഥാനത്തിന് ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് പ്രതിപക്ഷ നേതാവും മുൻ നിയമമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

തീരാത്ത കേസ് തീർന്നെന്ന് പറഞ്ഞ് അമുസ്ലിം അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താനുള്ള സംഘപരിവാർ നിർദേശം നടപ്പാക്കാനാണ് സർക്കാർ തിടുക്കം കാട്ടുന്നത്. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിയോഗിക്കുകയോ അങ്ങനെ നിയമിക്കാമെന്ന് ഉത്തരവിൽ പറയുകയോ ചെയ്തിട്ടില്ല.


വഖഫ് നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേർന്ന് നിയമപോരാട്ടം നടത്തുകയുമാണ് മുൻ എൽഡിഎഫ് സർക്കാർ ചെയ്തത്. ആ നിയമപോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനു പകരം സംഘപരിവാർ നയം നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.


വഖഫ് ബോർഡിൽ സെക്ഷൻ 14 അനുസരിച്ച് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുമെന്ന് യുഡിഎഫ് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്ത സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. മുസ്ലിം ലീഗ് നോമിനിയും സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലുമായ മർസൂഖ് ബാഫഖി തങ്ങളും ലീഗ് നേതാവും അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ മുഹമ്മദ് ഷായും കേസുമായി ബന്ധപ്പെട്ട നടപടികളിൽ പങ്കെടുത്തിട്ടുമുണ്ട്.


വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ട സാഹചര്യമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനും മുസ്ലിം ലീഗിനുമാണ്. സംഘപരിവാറിന്റെ ഭാഷയിലാണ് വി ഡി സതീശൻ സംസാരിക്കുന്നതെന്നും അദ്ദേഹം ഇപ്പോൾ ഏത് പാർടിയിലാണ് നിൽക്കുന്നതെന്ന സംശയം ഉയരുന്നതായും എം വി ​ഗോവിന്ദൻ പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകളുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയതെന്നും അതിനുശേഷം ബിജെപിയുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും സർക്കാർ നടപ്പാക്കുകയാണെന്നും സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കുന്ന നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് വഖഫ് വിഷയത്തിലെ നിലപാടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home