വിഷം കഴിച്ചെത്തിയ രോഗിയുടെ വയറുകഴുകാൻ മിനറൽ വാട്ടർ ഉപയോഗിച്ചു; ഡോക്ടർക്കെതിരെ നടപടി

പ്രതീകാത്മകചിത്രം
ഭോപ്പാൽ : വിഷം കഴിച്ചെത്തിയ രോഗിയുടെ വയറുകഴുകാൻ കുപ്പിവെള്ളം ഉപയോഗിച്ച ഡോക്ടർക്കെതിരെ നടപടി. എലിവിഷം കഴിച്ച യുവാവിനെ ചികിത്സിക്കുന്നതിനിടെ വയർ കഴുകുന്ന പമ്പിംഗ് പ്രക്രിയയ്ക്കായി കുപ്പിയിലുള്ള കുടിവെള്ളം ഉപയോഗിച്ചുവെന്നാരോപിച്ച് ഡിൻഡോറി ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അടിയന്തര ഘട്ടങ്ങളിൽ തൊണ്ടയിലൂടെ ഒരു ട്യൂബ് ആമാശയത്തിലേക്ക് കടത്തി വെള്ളം ഉപയോഗിച്ച് മാലിന്യങ്ങൾ കഴുകി കളയുന്ന രീതിയാണ് ഗ്യാസ്ട്രിക് ലാവേജ് അഥവാ 'സ്റ്റൊമക് പമ്പിങ്'. അണുവിമുക്തമാക്കിയ വെള്ളമോ ഉപ്പുവെള്ളമോ ആണ് സാധാരണയായി ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കേണ്ടത്. എന്നാൽ ഡിൻഡോറി ആശുപത്രിയിലെ ഡോക്ടർ ഇതിനായി കുപ്പിവെള്ളമാണ് ഉപയോഗിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദമായത്.
ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മനോജ് പാണ്ഡെ പറഞ്ഞു. എലിവിഷം കഴിച്ചതിനെത്തുടർന്ന് ബുധനാഴ്ചയാണ് സത്യം യാദവ് (18) എന്ന യുവാവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഡോക്ടർ യുവാവിന്റെ കുടുംബാംഗങ്ങളോട് ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഗ്യാസ്ട്രിക് ലാവേജിന് ഉപയോഗിക്കുന്ന ലായനി ആശുപത്രിയിൽ തന്നെയുണ്ടെന്ന് അധികൃതർ പറഞ്ഞു. കുപ്പിവെള്ളം എത്തിയതോടെ അതുപയോഗിച്ച് സ്റ്റൊമക് പമ്പിങ് നടത്താൻ നഴ്‌സിനോട് ആവശ്യപ്പെട്ടതായും നഴ്സ് വിസമ്മതിച്ചതോടെ ഡോക്ടർ തന്നെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും ആശുപത്രി വൃത്തങ്ങൾ പറയുന്നു.










0 comments