ഇന്ത്യയിൽ ആഷസ് ടെസ്റ്റ്? സാധ്യത തള്ളിക്കളയാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി

Photo Credit:ICC
മെൽബൺ: ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം ലോകമെമ്പാടും എത്തിക്കുന്നതിന്റെ ഭാഗമായി, ചരിത്രപ്രസിദ്ധമായ 'ആഷസ്' പരമ്പരയിലെ ഒരു മത്സരം ഇന്ത്യയിൽ നടത്താൻ സാധ്യതയുണ്ടെന്ന സൂചന നൽകി ക്രിക്കറ്റ് ഓസ്‌ട്രേലിയ.
നിലവിൽ അങ്ങനെയൊരു പദ്ധിയില്ലെങ്കിലും, ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി ഏത് മികച്ച ആശയവും പരിഗണിക്കാൻ തയ്യാറാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീൻബർഗ് വ്യക്തമാക്കി.
ബിസിസിഐയുമായും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായും വളരെ അടുത്ത ബന്ധമാണ് നിലവിലുള്ളതെന്നും, ഇന്ത്യയിൽ വലിയ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുകൂലമായ സാഹചര്യങ്ങളുണ്ടെന്നും അദ്ദേഹം ബിബിസിയുടെ 'സ്റ്റംപ്ഡ്' പോഡ്കാസ്റ്റിൽ പറഞ്ഞു.
"ഇത് ഞങ്ങൾ ഇപ്പോൾത്തന്നെ പ്ലാൻ ചെയ്തു വെച്ചിരിക്കുന്ന ഒരു കാര്യമല്ല. എങ്കിലും, ഭാവിയിൽ തീർച്ചയായും അതൊരു പരിഗണനയായി മുന്നിലുണ്ടാകും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഇന്നും വലിയ സ്വീകാര്യതയുണ്ട്.
അതുകൊണ്ടുതന്നെ ഈ ഫോർമാറ്റിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ഞങ്ങളുടെ ആവശ്യമാണ്," ഗ്രീൻബർഗ് കൂട്ടിച്ചേർത്തു. ഈ വർഷം അവസാനം ബിഗ് ബാഷ് ലീഗ് (ബിബിഎൽ) മത്സരങ്ങൾ ആദ്യമായി ഇന്ത്യയിൽ അരങ്ങേറാൻ പോകുന്നതിനിടയിലാണ് ഗ്രീൻബർഗിന്റെ ഈ പരാമർശം. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ബിബിഎൽ ഉദ്ഘാടന മത്സരം നടക്കുന്നത്.
എന്നാൽ, ഐസിസി ടൂർണമെന്റുകളും ഫ്രാഞ്ചൈസി ലീഗുകളും നിറഞ്ഞ തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറിൽ, ഇത്തരം വലിയൊരു ആശയത്തിന് അനുയോജ്യമായ സമയം കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ആഷസ് പോരാട്ടം 1877 മുതലാണ് ആരംഭിക്കുന്നത്. 2027 ലെ പുരുഷ-വനിതാ ആഷസ് പരമ്പര ഇംഗ്ലണ്ടിൽ ഒരേസമയം നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ചരിത്രത്തിൽ ആദ്യമായി 'മിക്സഡ് ഡിസെബിലിറ്റി ആഷസും' ഉൾപ്പെടുത്തിയിട്ടുണ്ട്.









0 comments