വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശം
നിതിൻ കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ നിർത്തിപ്പൊരിച്ച് കോടതി, നിങ്ങൾക്ക് ഒരു പ്രതിയേയും രക്ഷിക്കാനാവില്ല

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചതിൽ സംസ്ഥാന സർക്കാരിനും ആഭ്യന്തരവകുപ്പിനും വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശം. ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഇടപെടുമെന്നും വിശദമായ അന്വേഷണത്തിന് ഉത്തരവിടുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവെെഎസ്‌പി സുധീർ കല്ലൻ, എസ്‌പി കെ വി വേണുഗോപാൽ എന്നിവർ കോടതിനിർദേശപ്രകാരം ഹാജരായിരുന്നു. ഇരുവരേയും നിർത്തിപ്പൊരിച്ച കോടതി, ‘നിങ്ങൾക്ക് ഒരു പ്രതിയേയും രക്ഷിക്കാനാവില്ലെ’ന്ന് ഓർമിപ്പിച്ചു.
നടപടി നേരിടേണ്ടിവരുമെന്നും സൂചിപ്പിച്ചു. നീതിയും കോടതിയും അന്യംനിന്നുപോയിട്ടില്ല. സുപ്രധാന കേസിൽ ഗുരുതര വീഴ്ചയുണ്ടായെന്നും അനാവശ്യശ്രമങ്ങൾ നടത്തി അച്ചടക്കനടപടി വാങ്ങിവയ്‌ക്കരുതെന്നും ഡിവൈഎസ്‌പിയെ അടുത്തേക്ക് വിളിച്ചുവരുത്തി കോടതി മുന്നറിയിപ്പ് നൽകി.










0 comments