കോംഗോയിലെ എബോള വ്യാപനം; പുതിയ വാക്സിൻ ആദ്യമായി സന്നദ്ധപ്രവർത്തകനിൽ കുത്തിവെച്ചു

കോംഗോ: കോംഗോയിൽ പടർന്നുപിടിക്കുന്ന മാരകമായ എബോള വൈറസിന്റെ 'ബുണ്ടിബുഗ്യോ' വകഭേദത്തിനെതിരെ ഓക്സ്ഫഡ് സർവകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച പുതിയ വാക്സിൻ മനുഷ്യനിൽ പരീക്ഷിച്ചു തുടങ്ങി.
ഓക്സ്ഫഡിൽ നടന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി 37 കാരനായ എഡ് ഹണ്ട് എന്ന സന്നദ്ധപ്രവർത്തകനാണ് വെള്ളിയാഴ്ച ആദ്യ ഡോസ് നൽകിയത്.
കോംഗോയിലും ഉഗാണ്ടയിലുമായി ഈ വർഷം മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തിൽ ഇതുവരെ 1,000-ത്തിലധികം ആളുകൾ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അത്ര പെട്ടെന്ന് അംഗീകൃത വാക്സിനുകളോ ചികിത്സകളോ ലഭ്യമല്ലാത്ത ഈ അപൂർവ്വ വകഭേദത്തിനെതിരെ പുതിയ വാക്സിൻ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഗവേഷകരും ആരോഗ്യ സംഘടനകളും.
ആസ്ട്രാസെനെകയുടെ കൊവിഡ്-19 വാക്സിന് ഉപയോഗിച്ച അതേ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിൻ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
ആശയ രൂപീകരണം മുതൽ ക്ലിനിക്കൽ പരീക്ഷണം വരെയുള്ള ഘട്ടങ്ങൾ വെറും എട്ടാഴ്ച കൊണ്ടാണ് പൂർത്തിയാക്കിയതെന്ന് ഓക്സ്ഫഡിലെ പാൻഡെമിക് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് പുള്ളിഡോ-ഗോമെസ് പറഞ്ഞു.
കോലേഷൻ ഫോർ എപ്പിഡെമിക് പ്രിപെയർഡ്നസ് ഇന്നൊവേഷൻസിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പരീക്ഷണം നടക്കുന്നത്. ഇതിനകം തന്നെ 6,20,000 ഡോസ് വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ചു കഴിഞ്ഞു.
വരുന്ന ആഴ്ചകളിൽ ആരോഗ്യപ്രവർത്തകരായ 50 പേരിൽ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുന്നതാണ് ഫേസ്-1 ട്രയൽ. ഇതിനായി ഗവേഷകർ കൂടുതൽ സന്നദ്ധപ്രവർത്തകരെ തേടിക്കൊണ്ടിരിക്കുകയാണ്.
ആവശ്യമായ അനുമതി ലഭിച്ചാൽ, ഉഗാണ്ടയിലെ പങ്കാളികളുമായി ചേർന്ന് കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഓക്സ്ഫഡ് ടീം എന്ന് സർവകലാശാല വ്യക്തമാക്കി.
ഈ എബോള വ്യാപനം കോംഗോയുടെ ചരിത്രത്തിലെ 17-ാമത്തെ ഔട്ട്ബ്രേക്ക് ആണെങ്കിലും, ബുണ്ടിബുഗ്യോ വകഭേദം മൂലം ഉണ്ടാകുന്ന മൂന്നാമത്തെ മാത്രം സംഭവമാണിത്. ഇതിനായി ഇതുവരെ പ്രത്യേക വാക്സിനുകളോ ചികിത്സകളോ അംഗീകരിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രേസേസ് നൽകിയ മുന്നറിയിപ്പ് അനുസരിച്ച്, കഴിഞ്ഞ മാസത്തിൽ ഈ രോഗവ്യാപനം എബോളയുടെ മുൻകാല ചരിത്രങ്ങളെക്കാൾ വേഗത്തിലാണ് പടർന്നുപിടിക്കുന്നത്.
സമ്പർക്കത്തിലൂടെയും രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയും പടരുന്ന എബോള ബാധിതരുടെ കേസുകൾ കോംഗോയുടെ മറ്റ് നാല് പ്രവിശ്യകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.









0 comments