ad
Deshabhimani

ഫ്രാൻസിലെ കാട്ടുതീ അതീവ ഗുരുതരം; നാല്പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു

FRANCE FIRE

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 24, 2026, 07:37 PM | 1 min read

പാരീസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ പടർന്നുപിടിച്ച വൻ കാട്ടുതീയെ തുടർന്ന് 40,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. ഇതുവരെ 10,000 ഹെക്ടറിലധികം പ്രദേശം കത്തിനശിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് എഎഫ്പിയോട് പറഞ്ഞു.


ബോർഡോയ്ക്ക് പടിഞ്ഞാറ് ഭാഗത്തായി കഴിഞ്ഞ കുറേ ദിവസങ്ങളായി നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളാണ് തീ അണയ്ക്കാൻ പോരാടുന്നത്. ബുധനാഴ്ച സൗമോസ് ഗ്രാമത്തിലാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഇത് വിനോദസഞ്ചാര കേന്ദ്രമായ കാപ്-ഫെറെറ്റ് പെനിൻസുലയിലേക്ക് വ്യാപിക്കുകയായിരുന്നു.


"നിലവിൽ 40,000ത്തോളം ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്," നൂനെസ് വ്യക്തമാക്കി. ഈ സീസണിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


"ആകെ 80 വീടുകൾ അഗ്നിക്കിരയായി, അതിൽ 50 എണ്ണവും പൂർണ്ണമായും കത്തിനശിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നും 1,000 അഗ്നിശമന സേനാംഗങ്ങളെയാണ് നിലവിൽ വ്യന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ബോർഡോയ്ക്ക് പടിഞ്ഞാറ് അറ്റ്‌ലാന്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന പെനിൻസുലയിൽ നിന്ന് ഇതുവരെ 400-ലധികം ആളുകളെ ബോട്ടുകൾ വഴി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.


"സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്നു," ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു. യൂറോപ്യൻ യൂണിയന്റെ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസം ഫ്രാൻസ് നടപ്പിലാക്കിയിട്ടുണ്ടെന്നും ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സേനാ സഹായങ്ങൾ ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home