ഡൽഹിയിലെ യുവജന പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രവാസി സംഘടനകൾ

കുവൈത്ത് സിറ്റി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന യുവജന പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രവാസി സംഘടനകൾ. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് കല കുവൈത്ത് ഭാരവാഹികൾ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ സമരം നടത്തുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമെതിരെ പൊലീസ്, -കേന്ദ്രസേനകൾ നടത്തുന്ന ലാത്തിച്ചാർജ്, കണ്ണീർവാതക പ്രയോഗം, അറസ്റ്റുകൾ, സമരപ്പന്തലുകൾ തകർത്ത നടപടി എന്നിവയിൽ കല കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമെതിരെ നടന്ന അതിക്രമ നടപടികൾ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. രാജ്യത്തെ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണം. വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാനായി നടക്കുന്ന വിദ്യാർഥി, യുവജന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കല കുവൈത്ത് ഭാരവാഹികൾ പ്രസ്‌താവനയിൽ വയക്തമാക്കി.
ജിദ്ദ നവോദയ
ജനാധിപത്യപരമായി സമരം ചെയ്യുന്ന യുവജനങ്ങൾക്കുനേരെ ഡൽഹി പൊലീസ് അഴിച്ചുവിട്ട ക്രൂരമായ ലാത്തിച്ചാർജും അറസ്റ്റുകളും ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ മുഖമാണെന്ന് ജിദ്ദ നവോദയ യുവജന വേദി. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സംവിധാനത്തെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ആയുധമാക്കി മാറ്റുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് സമീപനം അത്യന്തം പ്രതിഷേധാർഹമാണ്. തെറ്റായ നയങ്ങളും ഭരണപരമായ പരാജയങ്ങളും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുമ്പോൾ, ജനാധിപത്യ ശബ്‌ദങ്ങളെ ലാത്തികൊണ്ടും കണ്ണീർവാതക ഷെല്ലുകൊണ്ടും നിശ്ശബ്‌ദമാക്കാമെന്ന വ്യാമോഹത്തിലാണ് കേന്ദ്ര സർക്കാർ. പ്രതിഷേധിക്കുന്ന യുവതയെ ശത്രുക്കളായി കാണുന്ന സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിഷയത്തിൽ ധാർമികവും രാഷ-്‌ട്രീയവുമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി ഉടൻ രാജിവയ്‌ക്കണം. യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്ത ഭരണനേതൃത്വം പൊലീസ് ബൂട്ടിന്റെ കരുത്തിൽ ഭരണം തുടരാനാണ് ശ്രമിക്കുന്നത്.
ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിക്കുന്ന നടപടികൾ ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനെ തകർക്കുന്നതാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്താനല്ല, യുവജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാനാണ് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടത്. ജനങ്ങളുടെ ശബ്ദത്തെ ലാത്തികൊണ്ട് ഇല്ലാതാക്കാനാകില്ല. ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും യുവജനങ്ങളുടെ അവകാശങ്ങൾക്കും ഒപ്പമെന്ന് പ്രഖ്യാപിച്ച് മുഴുവൻ ജനാധിപത്യ വിശ്വാസികളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും നവോദയ യുവജന വേദി കൺവീനർ ലാലു വേങ്ങൂർ പ്രസ്‌താവനയിൽ പറഞ്ഞു.
ഓർമ ദുബായ്
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിത്ഥികളും
യുവജനങ്ങളും ജന്തർ മന്ദിറിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഓർമ ദുബായ്. സമരത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അലംഭാവം ജനാധിപത്യവിരുദ്ധമാണ്. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാറിൻ്റേത്. വിദ്യാഭ്യാസരംഗംതന്നെ കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. യുവജനങ്ങളുടെയും വിദ്യാർഥികളുടെയും വൻപങ്കാളിത്തം ഈ മുന്നേറ്റത്തിലുണ്ട്. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സർഗാത്മക പരിപാടികൾ സംഘടിപ്പിക്കണമെന്നും കൂടുതൽ പേർ പങ്കാളികളാകണമെന്നും ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.










0 comments