ad
Deshabhimani

കനത്ത ചൂട്‌; ഔട്ട്ഡോർ പ്രവർത്തനം ഒഴിവാക്കി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ

oman indian school
വെബ് ഡെസ്ക്

Published on Jul 24, 2026, 03:59 PM | 1 min read

മസ്‌കത്ത്‌ : കനത്ത ചൂടിൽ വിദ്യാർഥികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത്‌ ​പുതിയ അധ്യയനവർഷത്തിൽ എല്ലാ ഔട്ട്ഡോർ പ്രവർത്തനങ്ങളും നിർത്തിവച്ചതായി ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ. ഫിസിക്കൽ എഡ്യുക്കേഷൻ ക്ലാസുകൾ, സ്പോർട്സ്, പ്രഭാത അസംബ്ലികൾ എന്നിവയുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി. വേനൽക്കാലത്ത് വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കാനായി ഡയറക്ടർ ബോർഡ് പുറപ്പെടുവിച്ച സമഗ്ര താപസുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായാണ്‌ നടപടി.


കാലാവസ്ഥ സുരക്ഷിതവും അനുകൂലവുമാകുമ്പോൾ മാത്രമേ ക്ലാസ്‌റൂമിന്‌ പുറത്തുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ. ദിവസം മുഴുവൻ വിദ്യാർഥികൾക്ക് തണുത്ത കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ലാസ് മുറികൾ, ലബോറട്ടറികൾ, പൊതുസ്ഥലങ്ങൾ, സ്കൂൾ ബസുകൾ എന്നിവയിലെ ശീതീകരണ സംവിധാനങ്ങളുടെ നിർബന്ധിത പരിശോധനകൾ നടത്തണം. ആവശ്യമുള്ളിടത്തെല്ലാം അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനും ബോർഡ് നടപടിയെടുത്തു.


പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ വിദ്യാർഥികളെ ഒരിക്കലും കാത്തിരിക്കാൻ നിർബന്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും സ്കൂൾ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി. ചൂട് സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യാൻ സ്‌കൂൾ ക്ലിനിക്കുകൾ പൂർണമായും സജ്ജീകരിച്ചിട്ടുണ്ട്. താപംമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാനും ഉടനടി പ്രതികരിക്കാനും അധ്യാപകർക്കും ജീവനക്കാർക്കും പരിശീലനം നൽകി. കനത്തചൂട് കാരണം സ്കൂൾ തുറക്കുന്നത് വൈകിക്കാനോ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനോ രക്ഷിതാക്കളും അധ്യാപകരും അഭ്യർഥിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home