സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്തംബറിൽ കോഴിക്കോട്

തിരുവനന്തപുരം: പാർടിയുടെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവർത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ ചർച്ച ചെയ്യാൻ സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്തംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് ചേരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സി എസ് സുജാതയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ജനറൽ സെക്രട്ടറി എം എ ബേബി, പിബി അംഗങ്ങളായ പിണറായി വിജയൻ, എ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് ഫലങ്ങൾ, പാർടിയുടെ പ്രകടനം, നേരിട്ട രാഷ്ട്രീയ വെല്ലുവിളികൾ, വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ സ്ഥിതി എന്നിവയാണ് റിപ്പോർട്ടിൽ പരിശോധിച്ചത്.
കേരളത്തിലെ പാർടിയുടെ പ്രവർത്തനം മേൽഘടകംമുതൽ താഴെത്തട്ടുവരെ സമഗ്രമായി പരിശോധിച്ചാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലേക്കുള്ള റിപ്പോർട്ട് തയ്യാറാക്കുന്നത്. പാർടി അംഗങ്ങൾക്കുപുറമെ പാർടിയുമായി സഹകരിക്കുന്നവരിൽനിന്നും പാർടിക്ക് പുറത്തുള്ള വിവിധ ജനവിഭാഗങ്ങളിൽനിന്നുമായി പതിനായിരക്കണക്കിന് പേരുടെ അഭിപ്രായങ്ങളും വിമർശനങ്ങളും നിർദേശങ്ങളും ശേഖരിച്ചിട്ടുണ്ട്.
പാർടിയുടെ സംഘടനാ പ്രവർത്തനം, പൊതുസമൂഹവുമായുള്ള ബന്ധം, പുതിയ തലമുറയിലേക്കുള്ള ഇടപെടൽ, രാഷ്ട്രീയ–പ്രത്യയശാസ്ത്ര പ്രചാരണം തുടങ്ങിയ മേഖലകളെക്കുറിച്ചാണ് പ്രധാനമായും അഭിപ്രായങ്ങൾ തേടിയത്. ഇവ ഉൾപ്പെടുത്തി തയ്യാറാക്കുന്ന അവലോകന റിപ്പോർട്ട് പാർടിയുടെ താഴെത്തട്ടിലുള്ള ഘടകങ്ങളിൽവരെ അവതരിപ്പിക്കും.
പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ സ്വീകരിച്ച് സംഘടനാ സംവിധാനത്തിലും പ്രവർത്തനരീതിയിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും കൂടുതൽ ഫലപ്രദമായ മുന്നേറ്റം ഉറപ്പാക്കുന്നതിനുള്ള കർമപദ്ധതിക്ക് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി രൂപം നൽകും.









0 comments