ഡൽഹിയിൽ സമരത്തിനൊപ്പമെന്ന് കാണിച്ച സതീശൻ കേരളത്തിൽ പിന്തുണച്ചവർക്കെതിരെ കേസെടുത്തു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: തുടക്കത്തില്‍ മാറിനിന്ന കോൺഗ്രസ് അവസാനം ഗത്യന്തരമില്ലാതെയാണ് സമരത്തിനെത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആദ്യഘട്ടത്തില്‍, പ്രക്ഷോഭം ബിജെപിയുമായി ഒത്തുചേർന്നുള്ള നീക്കമാണെന്ന് വരെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. പിന്നീട് സമരത്തിന് രാജ്യവ്യാപക പിന്തുണ ലഭിച്ചതോടെ നിൽക്കക്കള്ളിയില്ലാതെയാണ് കോൺഗ്രസ് തെരുവിലിറങ്ങിയത്. വൈകിയാണെങ്കിലും രംഗത്തെത്തിയത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ കൂട്ടായ്മയിലെ എംപിമാർ ഒറ്റക്കെട്ടായി ഗാന്ധിസ്‌മൃതിയിലേക്ക് മാർച്ച് നടത്തിയതും പ്രതിജ്ഞയെടുത്തതും സ്വാഗതാർഹമാണ്. എന്നാൽ രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയ വി ഡി സതീശന്റെ സർക്കാർ കേരളത്തിൽ സ്വീകരിച്ച നിലപാട് വിചിത്രമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഡൽഹിയിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിക്കെതിരെ കേരള പൊലീസ് കേസെടുത്തിരിക്കുകയാണ്. സി കെ വിനീത്, ജോജു ജോർജ് ഉൾപ്പെടെയുള്ള കലാ–സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത പരിപാടിക്കെതിരെയാണ് നടപടി. പാട്ടിലൂടെയും കലയിലൂടെയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല.
കേന്ദ്രത്തിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും കേരളത്തിൽ അതേ ആവശ്യത്തിനായി പരിപാടി നടത്തിയവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. പ്രതിഷേധശബ്ദങ്ങളെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ അതേ സമീപനമാണ് സതീശൻ സർക്കാർ കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈ നിലപാടിൽനിന്ന് സർക്കാർ പിന്മാറണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ജന്തർ മന്തറിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പ്രക്ഷോഭത്തെ സഹായിക്കാനും കേരളത്തിലെ എല്ലാ ഐക്യദാർഢ്യ പരിപാടികൾക്കും പിന്തുണ നൽകാനും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വിദ്യാർഥികൾക്കൊപ്പം നിന്ന സാംസ്കാരിക–സാമൂഹിക പ്രവർത്തകരെ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.
ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാർഥി–യുവജന പ്രക്ഷോഭം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന പോരാട്ടമായി മാറുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ശക്തമായ അടിച്ചമർത്തലുകളെ അതിജീവിച്ചാണ് പുതിയ തലമുറ സമരം തുടരുന്നത്. ഈ മുന്നേറ്റം സംഘപരിവാർ ശക്തികളെ ഞെട്ടിച്ചിരിക്കുകയാണ്.
പുതുതലമുറ അരാഷ്ട്രീയരാണെന്ന പൊതുബോധത്തെ തന്നെ മാറ്റിമറിക്കാൻ പ്രക്ഷോഭത്തിന് കഴിഞ്ഞു. എത്ര വലിയ അടിച്ചമർത്തലുണ്ടായാലും ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നാണ് വിദ്യാർഥികളും യുവാക്കളും തെളിയിച്ചത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഉൾപ്പെടെ സജീവമായി സമരരംഗത്തേക്ക് വരുന്നതും രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം ഉയരുന്നതും പുതിയ രാഷ്ട്രീയ സാഹചര്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് സമ്മർദം താങ്ങാനാകാതെ ഇരുപതിലധികം വിദ്യാർഥികൾ ജീവനൊടുക്കിയിട്ടുണ്ട്. ഇതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. ഈ ആവശ്യം ഉയർത്തിയ വിദ്യാർഥികൾക്കുനേരെ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത അതിക്രമമാണ് കേന്ദ്രസർക്കാർ നടത്തിയത്.
നിരായുധരായ വിദ്യാർഥികൾക്കുനേരെ പെല്ലറ്റ് തോക്കും ഷോക്ക് ബാറ്റണും പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ ചിത്രങ്ങൾ ശേഖരിക്കാൻ പൊലീസ് ‘മെറ്റ ഗ്ലാസുകൾ’ ഉപയോഗിക്കുന്നതായും സമരത്തിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനും നീക്കം നടക്കുന്നുണ്ട്. വനിതാ പ്രതിഷേധകയുടെ മുഖത്തടിക്കുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഈ അതിക്രമങ്ങൾ ഇന്ത്യൻ ജനാധിപത്യ മനസ്സാക്ഷിയെ എത്രത്തോളം അസ്വസ്ഥമാക്കിയെന്ന് സാംസ്കാരിക, കലാ, സാമൂഹിക മേഖലകളിൽനിന്ന് ഉയരുന്ന പിന്തുണ വ്യക്തമാക്കുന്നു. ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, ആസിഫ് അലി, ജോജു ജോർജ്, ഭാവന, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേർ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇവർക്കെതിരെ സംഘപരിവാർ ഭീഷണിയും അധിക്ഷേപവും നടത്തുകയാണെന്നും വീടുകളിലേക്കുപോലും പ്രതിഷേധവുമായി എത്തുകയാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിരോധം ഉയരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.









0 comments