ad
Deshabhimani

യുഎഇയിലെ കോൺസുലർ സേവനം അൽഹിന്ദിലൂടെ

uaeflag
വെബ് ഡെസ്ക്

Published on Jul 24, 2026, 04:15 PM | 1 min read

ദുബായ് : യുഎഇയിലെ ഇന്ത്യൻ കോൺസുലർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകാനുള്ള പുറംകരാർ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് നൽകിയതായി ഇന്ത്യൻ എംബസി. ഇടക്കാല ക്രമീകരണത്തിന്റെ ഭാഗമായി അൽഹിന്ദിനെ സേവനദാതാവായി നിയമിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് തീരുമാനം. അതേസമയം, അൽഹിന്ദിന്റെ സേവനം എത്രകാലം തുടരുമെന്ന്‌ എംബസി വ്യക്തമാക്കിയിട്ടില്ല.


രാജ്യത്തുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയായിരിക്കും സേവനങ്ങൾ ലഭ്യമാകുക. ഇതോടെ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും സേവനങ്ങൾ നേരിട്ട് ലഭ്യമാകില്ല. ​പാസ്‌പോർട്ട് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി ഓൺലൈനായി സമയം ബുക്ക് ചെയ്യണം. ദിവസവും രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും പുതിയ അപ്പോയിന്റ്മെന്റുകൾ ലഭ്യമാക്കും. എല്ലാ ഐസിഎസി കേന്ദ്രങ്ങളും രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കും. അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റുമുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ.


​അതേസമയം, തത്കാൽ പാസ്‌പോർട്ട്, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ്, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കുള്ള സേവനങ്ങൾ എല്ലാ കേന്ദ്രങ്ങളിലും വാക്ക് ഇൻ അടിസ്ഥാനത്തിൽ "ആദ്യം എത്തുന്നവർക്ക് ആദ്യം' എന്ന ക്രമത്തിൽ ലഭ്യമാകും. ​സർക്കാർ ഫീസിന് പുറമെ അൽഹിന്ദ് വാറ്റ് ഉൾപ്പെടെ 19 ദിർഹം സേവനനിരക്കായി ഈടാക്കും. അപേക്ഷ ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ടൈപ്പിങ്, പ്രിന്റിങ്‌, ഫോട്ടോകോപ്പി, ആഭ്യന്തര കൊറിയർ തുടങ്ങിയ അനുബന്ധ സേവനങ്ങളും ഈ തുകയിൽ ഉൾപ്പെടും.


​2025 ഒക്ടോബറിൽ മുൻ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിനെ പുതിയ ഇന്ത്യൻ മിഷൻ കരാറുകളിൽനിന്ന് രണ്ട് വർഷത്തേക്ക് വിലക്കിയതിനെ തുടർന്ന്, ഈ വർഷം ഏപ്രിലിലാണ് അൽഹിന്ദിന് യുഎഇയിലെ കോൺസുലർ സേവനങ്ങളുടെ കരാർ ലഭിച്ചത്. എന്നാൽ, കരാറിനെതിരെ കോടതിയെ സമീപിച്ചതിനെ തുടർന്ന് സേവനം ആരംഭിക്കുന്നത് വൈകി. ഇതിനിടെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ നേരിട്ട് സേവനങ്ങൾ നൽകുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home