ഭയമില്ലാതെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കണം: ഡൽഹിയിലെ ആക്രമണങ്ങളിൽ യുഎൻ

ന്യൂയോർക്ക്: സമാധാനപരമായി പ്രതിഷേധക്കാൻ വിദ്യാർഥികൾ തയാറാകുമ്പോൾ ഭയപ്പെടുത്താതെ അത് ചെയ്യാൻ അനുവദിക്കുകയാണ് സർക്കാരുകളും സുരക്ഷാ സേനയും ചെയ്യേണ്ടതെന്ന് ഐക്യരാഷ്ടസഭ. ഇന്ത്യയിൽ യുവാക്കൾ നയിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള യുഎന്നിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തനായിരുന്നു മറുപടി. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധത്തെക്കുറിച്ച് വ്യക്തമായി അറിയാമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഉപദ്രവിക്കുമെന്നോ, അറസ്റ്റ് ചെയ്യുമെന്നോ, പരിക്കേൽക്കുമെന്നോ ഭയപ്പെടാതെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കണം. എല്ലായിടത്തേയും പോലെ ആ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സുരക്ഷാ സേന ഉറപ്പ് വരുത്തണമെന്നും ഡുജാറിക് വ്യക്തമാക്കി.
ജൂലൈ 20ന് പാർലമെന്റിലേക്ക് നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ പൊലീസ് അതി ക്രൂരമായാണ് ആക്രമിച്ചത്. ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് തോക്കുകൾ എന്നിവ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താനാണ് പൊലീസ് ശ്രമിച്ചത്. പരീക്ഷാ ക്രമക്കേടുകളിൽ തുടർച്ചയായ 35 ദിവസങ്ങൾ നീണ്ട പ്രതിഷേധം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതോടെ ഇന്ന് വിജയം കാണുകയായിരുന്നു.









0 comments