ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ജനാധിപത്യത്തിന്റെ വിജയം: ഐഎൻഎൽ

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും യുവജനങ്ങളും നയിച്ച ജനാധിപത്യ പോരാട്ടത്തിന്റെ നിർണായക വിജയമാണെന്ന് ഇന്ത്യൻ നാഷണൽ ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാൻ അഭിപ്രായപ്പെട്ടു.
വിദ്യാർഥികളും യുവജനങ്ങളും നടത്തിയ നിരന്തരമായ സമരം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായമായി ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തിന്റെ ശക്തി ഈ പ്രക്ഷോഭം തെളിയിച്ചുവെന്നും വിദ്യാർത്ഥികൾ ഉന്നയിച്ച യഥാർഥ പ്രശ്നങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ ഗോദി മീഡിയകൾ നടത്തിയ ശ്രമങ്ങളും ഈ സമരത്തിലൂടെ തുറന്നുകാട്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ധർമേന്ദ്ര പ്രധാന്റെ രാജി മോദി സർക്കാരിനേറ്റ തിരിച്ചടി മാത്രമല്ലെന്നും വിദ്യാർത്ഥികളുടെ സമരത്തിൽനിന്നും ആദ്യം തന്ത്രപരമായ അകലം പാലിച്ച കോൺഗ്രസ് പാർട്ടിക്കുള്ള ഒരു പാഠം കൂടിയാണെന്നും പ്രൊഫ സുലൈമാൻ പറഞ്ഞു. കേന്ദ്രീകൃത പരീക്ഷാ സംവിധാനത്തെ സമഗ്രമായി പുനഃപരിശോധിക്കണമെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ വികേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പ്രവേശന പരീക്ഷാ സംവിധാനം നടപ്പാക്കണമെന്നും ഐഎൻ.ൽ ആവശ്യപ്പെട്ടു.
നിലവിലുള്ള കേന്ദ്രീകൃത പരീക്ഷാ സംവിധാനം, പ്രത്യേകിച്ച് നീറ്റ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഗ്രാമീണ മേഖലകളിൽ നിന്നുമുള്ളവരുമായ മിടുക്കരായ വിദ്യാർഥികൾക്ക് അനീതിയുണ്ടാക്കുകയും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനത്തിന് തടസമാകുകയും ചെയ്യുന്നതിൽ പാർട്ടി ആശങ്ക രേഖപ്പെടുത്തി.
നീതിക്കും സുതാര്യതക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിന്ന വിദ്യാർഥികളെയും യുവജനങ്ങളെയും പൊതുസമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും അഭിനന്ദിക്കുന്നു. അവരുടെ നിരന്തരമായ പോരാട്ടവും ജനാധിപത്യപരമായ ചെറുത്തുനിൽപ്പും വിദ്യാർഥികളുടെയും സാധാരണ ജനങ്ങളുടെയും ശബ്ദത്തെ അവഗണിക്കാനാകില്ലെന്ന ശക്തമായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments