ഇന്ത്യയിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ; യുകെയിലെ വിവിധ നഗരങ്ങളിൽ എസ്‌എഫ്‌ഐ പ്രതിഷേധം

ലണ്ടൻ : ഇന്ത്യയിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഐക്യാദാർഢ്യവുമായി യുകെയിലെ നഗരങ്ങളിൽ എസ്എഫ്ഐ-യുകെയുടെ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. നോട്ടിംഗ്ഹാമിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറിലധികം വിദ്യാർഥികൾക്ക് പുറമെ വിവിധ സംഘടനകളിലെ തൊഴിലാളികളും, സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. എസ്എഫ്ഐ യുകെ ജോയിന്റ് സെക്രട്ടറി വിശാൽ ഉഷ ഉദയകുമാർ പ്രകടനത്തെ അഭിസംബോധന ചെയ്തു.
റാഡ്ക്ലിഫിൽ ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിത്വ ദിനത്തിൽ നടന്ന ഐക്യദാർഢ്യ പ്രതിഷേധത്തിൽ എസ്എഫ്ഐ യുകെ വൈസ് പ്രസിഡന്റ് അപർണ വിനോദ് സംസാരിച്ചു. കാർഡിഫിലും വെയ്ൽസിലും നടന്ന പ്രതിഷേധങ്ങളിലും നിരവധി വിദ്യാർഥികൾ പങ്കെടുത്തു.

ഇന്ത്യയിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് കരുത്തുപകരാൻ എഡിൻബർഗ്, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റർ, ലണ്ടൻ എന്നീ നഗരങ്ങളിൽ നേരത്തെ പ്രതിഷേധങ്ങൾ നടന്നിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തോട് നിലവിലെ വലതുപക്ഷ സർക്കാർ കാണിക്കുന്ന സമീപനത്തിൽ പ്രവാസ ലോകത്തെ വിവിധ ഭാഗത്തുള്ളവർ തങ്ങളുടെ അമർഷവും നിരാശയും രേഖപ്പെടുത്തി.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യയുടെ തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുമായി വിദ്യാർഥികളും യുവാക്കളും ഒരു മാസത്തിലേറെയായി പ്രതിഷേധത്തിലാണ്. മേയ് ആദ്യം നടന്ന നീറ്റ് - യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതാണ് ഈ വലിയ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാർഥികൾ ഇതോടെ മാനസികമായി തകർന്നു. ഇതിന്റെ ആഘാതത്തിൽ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്തു.

ഇതേത്തുടർന്ന് വിദ്യാർഥി സംഘടനകളും പുതുതായി രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടിയും ചേർന്നാണ് ന്യൂഡൽഹിയിൽ സമരം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും വിദ്യാഭ്യാസ സമ്പ്രദായം പൂർണമായി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചാണ് പ്രക്ഷോഭകൾ രംഗത്തിറങ്ങിയത്. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ പ്രതിരോധ കേന്ദ്രം ആരംഭിച്ചു. പ്രമുഖ ആക്ടിവിസ്റ്റുകൾ, ധൈഷണികര്‍, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഇതോടെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ വിദ്യാർഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് എസ് എഫ് ഐ യുകെ രംഗത്തെത്തിയിരിക്കുന്നത്.











0 comments