പോരാട്ടം കടുക്കുന്നു: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിനടുത്ത് വൻ സ്ഫോടനങ്ങൾ

Photo: AFP
ഇർബീൽ:പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്നു.വടക്കൻ ഇറാഖിലെ ഇർബീലിൽ യു എസ് സൈനിക താവളത്തിന് സമീപം തുടർ സ്ഫോടനങ്ങൾ റിപ്പോര്‍ട് ചെയ്തു.ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സംഭവം.
അർബീൽ നഗരത്തിൽ കുറഞ്ഞത് ഏഴോളം ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും സൈനിക താവളത്തിന് സമീപത്ത് കറുത്ത പുകയുയരുന്നത് കണ്ടതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ 13-ാം ദിവസവും യുഎസ് സൈന്യം ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി.ഇറാന്റെ തെക്ക്,പടിഞ്ഞാറൻ മേഖലകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു യു.എസ് സെൻട്രൽ കമാൻഡിന്റെ ആക്രമണം.വടക്കൻ ഇറാനിലെ റിവല്യൂഷണറി ഗാർഡിന്റെ നാവിക താവളത്തിന് നേരെയും ബോംബാക്രമണം നടന്നു.
ഹോർമുസ് കടലിടുക്കിൽ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന ഡ്രോൺ ബോട്ടുകളും നാവിക ആയുധങ്ങളും സൂക്ഷിച്ച ക്വെഷ്ം ഐലൻഡിലെ കേന്ദ്രങ്ങൾ തകർത്തു.ഇറാന്റെ പ്രധാന വ്യോമസേനാ താവളവും ആണവ കേന്ദ്രവും സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ പ്രവിശ്യയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാബ് എൽ-മന്ദേബ് കടലിടുക്ക്
ഉപരോധിക്കുമെന്ന് ഹൂതികൾ
യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായി യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി.ലോകത്തെ മറ്റൊരു പ്രധാന എണ്ണ-ചരക്ക് ഗതാഗത പാതയായ ബാബ് എൽ-മന്ദേബ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആഗോള വ്യാപാരത്തിന്റെ 12ശതമാനവും കണ്ടെയ്നർ ഗതാഗതത്തിന്റെ 25ശതമാനവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഒഴിവാക്കാൻ സൗദി അറേബ്യ 'യാൻബു'തുറമുഖം വഴി കരമാർഗ്ഗമാണ് എണ്ണ കയറ്റുമതി ചെയ്തിരുന്നത്.എന്നാൽ ഹൂതികളുടെ പുതിയ നീക്കം ഇതും തടസ്സപ്പെടുത്തിയിരിക്കുകയാണ്.ചെങ്കടലിലെ ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ആറുശതമാനത്തിലധികം വർധിച്ച് ബാരലിന് 100ഡോളർ കടന്നു.
സമാധാന ശ്രമങ്ങളുമായി ഇറാഖ്
അതേസമയം,യു എസിനും ഇറാനും ഇടയിൽ സമാധാനത്തിന് ശ്രമങ്ങളുമായി ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദി രംഗത്തെത്തി.വ്യാഴാഴ്ച ടെഹ്റാനിലെത്തിയ അദ്ദേഹം സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്തു.ഇറാഖ് മണ്ണ് ഇറാനെതിരെ ആക്രമണം നടത്താൻ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.










0 comments