ഹജ്ജ് ഒരുക്കം; 78 രാജ്യത്തെ പ്രതിനിധികളുമായി ചർച്ച നടത്തി സൗദി

ജിദ്ദ : ഹജ്ജ് സീസണിന് മുന്നോടിയായി വിദേശ രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് മിഷൻ പ്രതിനിധികളുമായി പ്രാഥമിക കൂടിയാലോചന പൂർത്തിയാക്കിയതായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം. 78 രാജ്യത്തുനിന്നുള്ള ഹജ്ജ് ഓഫീസുകളുടെ മേധാവികളും പ്രതിനിധികളുമാണ് വെർച്വൽ യോഗങ്ങളിൽ പങ്കെടുത്തത്. തീർഥാടകർ രാജ്യത്തെത്തും മുമ്പായി ഒരുക്കം കൃത്യമായി വിലയിരുത്താനും സമയബന്ധിതമായി ക്രമീകരണം ഉറപ്പാക്കാനുമാണ് മന്ത്രാലയം വിപുലമായ യോഗങ്ങൾ സംഘടിപ്പിച്ചത്.
ഹജ്ജ് ഒരുക്കങ്ങളുടെ വിവിധ ഘട്ടങ്ങൾ, അംഗീകൃത സമയക്രമമനുസരിച്ചുള്ള പുരോഗതി, സമഗ്ര പാക്കേജ് നടപടിക്രമങ്ങൾ, അംഗീകൃത സേവനദാതാക്കളുമായുള്ള കരാറുകൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്‌തു. തീർഥാടകർക്കുള്ള ബോധവൽക്കരണ പരിപാടികൾ, താമസസൗകര്യം, ഗതാഗതം, ഭക്ഷണം, ജനക്കൂട്ട നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്തി.
കഴിഞ്ഞ ഹജ്ജ് സീസൺ പൂർത്തിയായ ഉടൻ വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള ഒരുക്ക രേഖകളും പ്രവർത്തന സമയക്രമവും മന്ത്രാലയം വിവിധ രാജ്യങ്ങളിലെ ഹജ്ജ് ഓഫീസുകൾക്ക് കൈമാറിയിരുന്നു. സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള ‘പിൽഗ്രിം എക്‌സ്‌പീരിയൻസ് പ്രോഗ്രാം' ലക്ഷ്യങ്ങൾ മുൻനിർത്തി, തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ ഹജ്ജ് യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ആസൂത്രണങ്ങളും വിലയിരുത്തലുകളും നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.








0 comments