Deshabhimani

പ്രതിക്ക്‌ സ്വന്തം ജില്ലയിൽ നിയമനം നൽകിയത്‌ വിവാദമാകുന്നു

ലൈംഗികാതിക്രമത്തിന് പരാതി നൽകി; വനിതാ പൊലീസ് ഓഫീസറെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി ട്രൈബ്യൂണൽ

Kerala Police
avatar
സ്വന്തം ലേഖകൻ

Published on Oct 07, 2026, 09:05 AM | 1 min read

​കൊല്ലം : ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട്‌ പരാതിനൽകിയതിന്റെ പേരിൽ സ്ഥലംമാറ്റിയ വനിതാ പൊലീസ് ഓഫീസർ നിലവിലെ സ്റ്റേഷനിൽ തുടരാൻ ട്രൈബ്യൂണൽ ഉത്തരവ്‌. നീണ്ടകര തീരദേശ സ്റ്റേഷനിൽ നിന്ന് കൊച്ചി സിറ്റിയിലേക്ക് മാറ്റാനുള്ള ഉത്തരവ് ചോദ്യംചെയ്ത് വനിതാ പൊലീസ് ഓഫീസർ സമർപ്പിച്ച ഹർജിയിലാണ്‌ കേരള അഡ്‌മിനിസ്‌ടേറ്റീവ്‌ ട്രൈബ്യൂണലിന്റെ ഉത്തരവ്‌. ഇതിനിടെ സംഭവത്തിൽ നടപടി നേരിട്ട സഹപ്രവർത്തകനായ എസ്‌സിപിഒ നവാസിനെ സർവീസിൽ തിരിച്ചെടുത്ത് സ്വന്തം ജില്ലയായ ആലപ്പുഴയിൽ നിയമിച്ചത് വിവാദമായി.


വനിതാ പൊലീസ് ഉദ്യോഗസ്ഥ ജോലി ചെയ്യുന്നതിനിടെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തിൽ ഇരയ്ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതിനു പകരം, പരാതിക്കാരിക്ക് സ്ഥലംമാറ്റവും പ്രതിക്ക് സർവീസിൽ തിരിച്ചുവരവും ലഭിക്കുന്നത്‌ ഉണ്ടായ സാഹചര്യത്തിലാണ്‌ ട്രൈബ്യൂണലിന്റെ നിർണായക ഇടപെടൽ.


ലൈംഗികാതിക്രമത്തിന് ഇരയായ തനിക്ക് സ്ഥലംമാറ്റം കടുത്ത മാനസികവും കുടുംബപരവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും വനിതാ പൊലീസ് ഓഫീസർ ട്രൈബ്യൂണലിനെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങൾ ട്രൈബ്യൂണൽ പരിഗണിച്ച്‌ ഇടക്കാല സംരക്ഷണത്തിന്‌ ഉത്തരവിടുകയായിരുന്നു.


​2025 നവംബർ ആറിന് നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകനായ എസ്‌സിപിഒ നവാസ് എം ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചാണ് വനിതാ പൊലീസ് ഓഫീസർ പരാതി നൽകിയത്. സംഭവത്തിൽ ചവറ പൊലീസ് സ്റ്റേഷനിൽ നവാസിനെതിരെ കേസ്‌ രജിസ്റ്റർ ചെയ്‌തു. സംഭവം നടന്നതിനു പിന്നാലെ പരാതി നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതായും, അന്വേഷണ ഉദ്യോഗസ്ഥനെ ഇടയ്ക്ക് മാറ്റിയതിൽ സംശയമുണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് അന്വേഷണ നടപടി വൈകുന്നതായി മുഖ്യമന്ത്രിക്കു പരാതിയും നൽകി. ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് സ്വന്തം ജില്ലയിൽ തന്നെ നിയമിച്ചതിന്റെ സാഹചര്യം സംശയകരമാണ്‌. ഹർജി കക്ഷിക്കു വേണ്ടി അഡ്വ. എം സി സിനി ട്രൈബ്യൂണലിൽ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home