സ്വത്തുതര്‍ക്കം; മഹാരാഷ്ട്രയിൽ കൊച്ചുമകനെ മുത്തച്ഛൻ വെടിവെച്ച് കൊന്നു

പുനെ : മഹാരാഷ്ട്രയിൽ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് 33 കാരനായ കൊച്ചുമകനെ മുത്തച്ഛൻ വെടിവെച്ച് കൊന്നു. പൂനെ ജില്ലയിലെ ലോണാവാലയിലാണ് സംഭവം. കൊലപാതകത്തിൽ 83കാരനുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ.
അഭിഭാഷകനായ അഭയ് മാനിക്ക് മറാത്തെയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് ഭൂഷി സ്വദേശിയായ അഭയ് ഹോട്ടലിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയുതിർത്തതാകാമെന്നാണ് തുടക്കത്തിൽ സംശയിച്ചിരുന്നത്. സംഭവം നടന്ന മുറിയിലെ വാതിലിനടുത്ത് ചുമരില്‍ അഞ്ച് അടിയോളം ഉയരത്തില്‍ രക്തം തെറിച്ചതായി കണ്ടെത്തിയത് സംശയത്തിനിടയാക്കി. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
സ്വത്തിന്റെ പേരിൽ മുത്തച്ഛൻ മോതിറാം മറാത്തെയും കൊച്ചുമകന്‍ അഭയ് മറാത്തെയും തമ്മില്‍ കുറച്ചുകാലമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഒക്ടോബർ ന് രാവിലെ ഉണ്ടായ വാക്കുതർക്കത്തിനിടയില്‍ മുത്തച്ഛൻ തന്റെ ലൈസന്‍സുള്ള 12 ബോര്‍ റൈഫിള്‍ ഉപയോഗിച്ച് അഭയ് മറാത്തയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മറ്റ് നാല് പേർ കൂട്ടുനിന്നതായും പൊലീസ് കണ്ടെത്തി. ഹിരാമൻ മോതിറാം മറാത്തെ, മനോജ് ഹിരാമൻ മറാത്തെ, കവിത ഹിരാമൻ മറാത്തെ, രാജ്ശ്രീ ദശരഥ് പവാർഎന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.








0 comments