തുടർച്ചയായ അഞ്ചാം സെഷനിലും ഇടിവ്; സെൻസെക്സും നിഫ്റ്റിയും കൂപ്പുകുത്തി

പ്രതീകാത്മക എഐ ചിത്രം
മുംബൈ : തുടർച്ചയായ അഞ്ചാം സെഷനിലും നഷ്ടത്തിൽ അവസാനിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. പശ്ചിമേഷ്യയിൽ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും യുഎസ് താരിഫിനെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതോടെയാണ് വെള്ളിയാഴ്ച ഓഹരി വിപണി പിന്നോട്ടിറങ്ങിയത്.
ഇന്ന് സെൻസെക്സ് 331 പോയിന്റ് അഥവാ 0.43 ശതമാനം ഇടിഞ്ഞ് 76,059.17 എന്ന നിലയിലും നിഫ്റ്റി 50 സൂചിക 102 പോയിന്റ് അഥവാ 0.43 ശതമാനം നഷ്ടത്തിൽ 23,767.70 എന്ന നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിൽ 4,385 ഓഹരികളിൽ 2,144 എണ്ണം നേട്ടമുണ്ടാക്കിയപ്പോൾ 2,032 ഓഹരികൾ ഇടിവ് നേരിട്ടു. 209 ഓഹരികളുടെ നിലവാരത്തിൽ മാറ്റമൊന്നുമുണ്ടായില്ല. ഓട്ടോ, മെറ്റൽ, റിയൽറ്റി ഓഹരികൾ ഇടിവിന് കാരണമായപ്പോൾ ഐടി, മീഡിയ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിയെ കുറച്ചെങ്കിലും മുന്നോട്ട് നയിച്ചത്.
ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഓഹരി സൂചികകൾ നഷ്ടത്തിലായിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നതാണ് തിരിച്ചടിയായത്. അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക ഇടപെടലുകളും അധിനിവേശ നയങ്ങളും ആഗോള എണ്ണ വിതരണ ശൃംഖല പൂർണമായി തകരാറിലായതാണ് ക്രൂഡ് ഓയിൽ വില 100 ഡോളർ കടക്കാൻ കാരണം. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇതിനു പുറമെ ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്ക് യുഎസ് അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതും വിപണിയെ സമ്മർദത്തിലാക്കി.










0 comments