വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ശുഭ്മാൻ ഗില്ലും ഇർഫാൻ പത്താനും

Photo Credit:Social Media
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും രംഗത്ത്.
സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ കേൾക്കണമെന്നും, അവരുടെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഗിൽ വ്യക്തമാക്കി.
വിദ്യാർഥികളുടെ അവകാശങ്ങൾക്ക് വേണ്ടി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, പരസ്പര ബഹുമാനത്തോടെയും അനുകമ്പയോടെയുമാണ് ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും ഇൻസ്റ്റാഗാം സ്റ്റോറിയിൽ കുറിച്ചു.
"ഒരു ഇന്ത്യൻ യുവാവ് എന്നനിലയിൽ, പഠിക്കാനും സ്വപ്നം കാണാനും ഭാവി രൂപപ്പെടുത്താനും നമ്മുടെ തലമുറയ്ക്ക് അർഹമായ എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സമാധാനപരമായി ശബ്ദമുയർത്തുന്ന ഓരോ ചെറുപ്പക്കാരനെയും ഞാൻ ബഹുമാനിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഒന്നാണ് വിദ്യാഭ്യാസം. പരസ്പര ബഹുമാനത്തോടെയും, അനുകമ്പയോടെയും ഓരോ വിദ്യാർഥിയുടെയും ഭാവി മുൻനിർത്തി മുന്നോട്ട് പോകാൻ നമുക്ക് സാധിക്കട്ടെ," ഇന്ത്യയുടെ നല്ല ഭാവിക്ക് വേണ്ടി എന്ന കുറിപ്പോടെ ഗിൽ വ്യക്തമാക്കി.
'വിദ്യാർഥികളുടെ സ്വപ്നങ്ങൾ തകർക്കരുത്' ഇർഫാൻ പത്താൻ
മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ഈ വിഷയത്തിൽ അതിശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ചോദ്യപേപ്പർ ചോർച്ചയിലൂടെ വിദ്യാർഥികളുടെ വർഷങ്ങളുടെ അധ്വാനമാണ് ഇല്ലാതാകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
തങ്ങളുടെ നല്ല ഭാവിക്കായി ഓരോ വിദ്യാർഥിയും വർഷങ്ങളുടെ കഠിനാധ്വാനമാണ് നടത്തുന്നത്. അവരുടെ കുടുംബങ്ങളും വലിയ ത്യാഗമാണ് ഇതിനായി സഹിക്കുന്നത്.
എന്നാൽ, അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന രീതിയിലേക്ക് ഒരു ചോദ്യപേപ്പർ ചോർച്ചയും മാറരുത്. രാജ്യത്തെ നിയമവ്യവസ്ഥയിലും അധികാരികളിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഓരോ കുട്ടിക്കും നീതിപൂർവ്വമായ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണം. നമ്മുടെ ഭാവി വിദ്യാർഥികളാണ്, അവരുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടണം ഇർഫാൻ പത്താൻ വ്യക്തമാക്കി.










0 comments