ad
Deshabhimani

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി മെഗാ ഫെയർ ജനുവരി 15,16 തീയതികളിൽ

indian school pressmeet
വെബ് ഡെസ്ക്

Published on Dec 14, 2025, 03:03 PM | 2 min read

മനാമ: 75 വർഷത്തെ സേവനം പൂർത്തിയാക്കുന്ന ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതികളിലാണ് മെഗാ ഫെയർ നടക്കുക. മേളയിൽ രണ്ടു ദിവസവും സംഗീത വിരുന്ന്, വിദ്യാർഥികളുടെ സാംസ്‌കാരിക പ്രദർശനങ്ങൾ, ഭക്ഷണ, വിനോദ സ്റ്റാളുകൾ, റാഫിൾ ഡ്രോ എന്നിവയുണ്ടാകുമെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


15ന് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെയാണ് സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമാകുന്നത്. 16ന്, വിദ്യാർത്ഥികളുടെ കലാ സാംസ്‌കാരിക പ്രകടനങ്ങൾ അരങ്ങേറും. തുടർന്ന്, ഗായകരായ രൂപാലി ജഗ്ഗയും അഭിഷേക് സോണിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്.


രണ്ട് ദിവസവും വൈകിട്ട് ആറു മുതൽ രാത്രി 10.30 വരെയാണ് പരിപാടികൾ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർഥികൾക്കും മറ്റു കുടുംബങ്ങൾക്കും ഒത്തുചേരാൻ അവസരമാകുന്ന മേളയിൽ, സ്‌കൂൾ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രതിഫലിക്കുന്ന സാംസ്‌കാരിക പ്രകടനങ്ങൾ ഉണ്ടാകും.


വിപുലമായ ഭക്ഷണ, വിനോദ സ്റ്റാളുകളാണ് മേളയുടെ മറ്റൊരു പ്രധാന ആകർഷണം. ലൈസൻസുള്ള ഔട്ട്‌ഡോർ കാറ്ററിംഗ് സ്ഥാപനങ്ങൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രിയ രുചിവൈവിധ്യങ്ങളും പ്രാദേശിക പാചകകൂട്ടുകളും ഒരുക്കും. കൂടാതെ, കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കുമായി നിരവധി ഗെയിമുകളും വിനോദ സ്റ്റാളുകളും സംഘടിപ്പിക്കും.


റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനം സയാനി മോട്ടോഴ്‌സ് നൽകുന്ന എംജി കാറാണ്. ജനുവരി 18 ന് രാവിലെ 11 ന് മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റാഫിൾ നറുക്കെടുപ്പ്. നടത്തിപ്പിനായി മേളയുടെ ജനറൽ കൺവീനർ ആർ രമേശിന്റെയും പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജന്റെയും നേതൃത്വത്തിൽ 501 അംഗ സംഘാടക സമിതി പ്രവർത്തിക്കുന്നു.


പരിപാടിയിൽ നിന്നുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാരുടെ ക്ഷേമ സംരംഭങ്ങൾ എന്നിവക്ക് വിനിയോഗിക്കും. 12,000ത്തിലധികം വിദ്യാർത്ഥികളും 700 അധ്യാപകരും ഉൾപ്പെടുന്നതാണ് ഇന്ത്യൻ സ്‌കൂൾ.

രണ്ടു ദിനാറാണ് ഫെയർ ടിക്കറ്റ് നിരക്ക്. മേളക്ക് എത്തുന്നവർക്ക് പാർക്കിങ് ഉറപ്പാക്കാൻ ദേശീയ സ്‌റ്റേഡിയത്തിൽ നിന്ന് ഷട്ടിൽ ബസ് സർവീസുകൾ ഒരുക്കും.


വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ, ബോണി ജോസഫ് (ഫിനാൻസ് & ഐടി അംഗം), മിഥുൻ മോഹൻ(പ്രോജക്ട്‌സ് & മെയിന്റനൻസ് അംഗം), മുഹമ്മദ് നയസ് ഉല്ല (ട്രാൻസ്‌പോർട് അംഗം), ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവിയർ, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഫെയർ ജനറൽ കൺവീനർ ആർ രമേശ്, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, ഫെയർ അഡ്വൈസർ മുഹമ്മദ് ഹുസൈൻ മാലിം, സേതുരാജ് കടക്കൽ(സ്റ്റാർ വിഷൻ ഇവന്റസ്), സ്‌പോൺസർഷിപ്പ് ജനറൽ കൺവീനർ കെ അജയകൃഷ്ണൻ, കോഓർഡിനേറ്റർ കെ അഷ്‌റഫ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home