പ്ലാറ്റിനം ജൂബിലി ആഘോഷം; ഇന്ത്യന്‍ സ്‌കൂള്‍ സാംസ്‌കാരിക മേളയ്ക്ക് പ്രൗഡഗംഭീര സമാപനം

മനാമ : ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച വാര്‍ഷിക സാംസ്‌കാരിക മേളയ്ക്ക് പ്രൗഡഗംഭീര സമാപനം. വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളുമടക്കം ആയിരക്കണക്കിന് ആളുകൾ സ്‌കൂള്‍ കാമ്പസിലേക്ക് ഒഴുകിയെത്തി. ദ്വിദിന പരിപാടിയുടെ സമാപന ദിവസമായ വെള്ളിയാഴ്ച പിന്നണി ഗായിക രൂപാലി ജഗ്ഗ നയിച്ച സംഗീതനിശ നടന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ക്ക് പിന്നാലെയായിരുന്നു ഷോ.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ആര്‍ രമേശ്, സേതുരാജ് കടയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹന്‍, മറ്റ് ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുന്‍ മോഹന്‍, മുഹമ്മദ് നയാസ് ഉള്ള്, പരിപാടി കണ്‍വീനര്‍ പ്രിന്‍സ് നടരാജന്‍ തുടങ്ങിയവരും പങ്കെടുത്തു. മേളയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറും വേദിയില്‍ പ്രകാശിപ്പിച്ചു. സുവനീര്‍ എഡിറ്റര്‍ അനൂജ് മാത്യു, സ്റ്റാഫ് എഡിറ്റര്‍ ഒ പി ശ്രീസദന്‍ എന്നിവര്‍ പങ്കെടുത്തു.
വ്യാഴാഴ്‌ച ആരംഭിച്ച പരിപാടി സാമൂഹ്യ വികസന മന്ത്രി ഒസാമ ബിന്‍ സലേഹ് അല്‍ അലവി ഉദ്ഘാടം ചെയ്തു. വ്യവസായി പമ്പാവാസന്‍ നായരെ വേദിയിൽ ആദരിച്ചു. സംഗീതജ്ഞനും സംഗീതസംവിധായകനുമായ സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിച്ച പരിപാടിയും വിദ്യാര്‍ഥികളുടെ നൃത്തപരിപാടിയും അരങ്ങേറി. മേളയില്‍നിന്നുള്ള വരുമാനം പൂര്‍ണമായും വിദ്യാര്‍ഥികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരെ സഹായിക്കുന്നതിനുമായാണ് വിനിയോഗിക്കുന്നത്. സ്‌കൂളിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം വലിയ സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മേളയുടെ ഭാഗമായുള്ള മെഗാ റാഫിള്‍ നറുക്കെടുപ്പ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം 26ന് ഓണ്‍ലൈനായി നടക്കും. എംജി കാറാണ് ഒന്നാം സമ്മാനം.
ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച വാര്‍ഷിക സാംസ്‌കാരിക മേള സാമൂഹ്യ വികസന മന്ത്രി ഒസാമ ബിന്‍ സലേഹ് അല്‍ അലവി ഉദ്ഘാടം ചെയ്യുന്നു.










0 comments