ശാസ്ത്ര മേളയിൽ തിളങ്ങി ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് വിദ്യാർഥികൾ

രാജീവ് മഹാദേവൻ
Published on Oct 28, 2025, 03:33 PM | 1 min read
മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് സംഘടിപ്പിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ (ഐ സി എഫ്) ഭാഗമായ മസ്‌കത്ത് സയൻസ് ഫെസ്റ്റ് - സയൻസ് പ്രോജക്ട് കോണ്ടെസ്റ്റ്- 2025( എം എസ് എഫ് - എസ് പി സി) മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് വിദ്യാർഥികൾ ഒന്നാംസ്ഥാനം നേടി. ഒമാനിലെ ഇന്ത്യൻ, ഇൻറർനാഷനൽ സ്‌കൂളുകളിലെ വിദ്യാർഥികളിൽനിന്നും ലഭിച്ച 360ല്‍ അധികം ശാസ്ത്ര പ്രോജക്ടുകൾ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 പ്രോജക്ടുകളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. നിർമിതബുദ്ധി, ദൈനംദിന വ്യവഹാരങ്ങളിലെ ശാസ്ത്രം, നെറ്റ് സീറോ എന്നിങ്ങനെ മൂന്നു വിഷയങ്ങളാണ് ഈ വർഷത്തെ ശാസ്ത്ര പ്രോജക്ടുകൾക്കായി നൽകിയത്.
ഒരു നിശ്ചിത മേഖലയിലെ അന്തരീക്ഷ വായുവിൽ അലിഞ്ഞിരിക്കുന്ന മലിന ഘടകങ്ങളിൽ നിന്ന് വൈദ്യുതോർജം ഉൽപാദിപ്പിച്ച് ആ പ്രദേശത്തു തന്നെ ഉപയുക്തമാക്കാനുള്ള സാങ്കേതികവിദ്യയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ‘എയർ പൊല്യൂഷൻ ടു വോൾട്സ് ഓഫ് എനർജി' എന്നതായിരുന്നു പ്രോജക്ടിന്റെ തലക്കെട്ട്. ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് വിദ്യാർഥികളായ അഞ്ജന സുഗതൻ, അശ്വിക കേശവമുരുഗൻ, കാവ്യ ജയേഷ് ഖാർവ, മുഹമ്മദ് റയീസ് പുതുക്കുടി എന്നിവരുടെ സംഘമാണ് ഈ പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചത്. കാസിം പുതുക്കുടി ആയിരുന്നു പ്രോജക്ട് ഗൈഡ്.
ഇന്ത്യൻ സ്കൂൾ വാദി കബീർ, ഇന്ത്യൻ സ്‌കൂൾ സീബ്, ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റ് എന്നീ സ്‌കൂളുകളിലെ വിദ്യാർഥികൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഇന്ത്യൻ സ്കൂൾ സൂർ, ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റ്, ഇന്ത്യൻ സ്‌കൂൾ ബൗഷർ, ഇന്ത്യൻ സ്‌കൂൾ ഗൂബ്ര എന്നിവിടങ്ങളിലെ വിദ്യാർഥികൾ മൂന്നാം സ്ഥാനം നേടി.








0 comments