പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഫെയർവെൽ സംഘടിപ്പിച്ചു. പതിനാല് വർഷമായി ഇന്ത്യൻ സ്കൂളിൽ പഠിച്ചവരാണ് വിദ്യാർഥികളിൽ ഏറെയും. ‘ഓറിയ 2026’ എന്ന് പേരിട്ട പരിപാടി ദേശീയ ഗാനത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് മുഹമ്മദ് അർഫാൻ ഖുർആൻ പാരായണം ചെയ്തു. വിദ്യാർഥികൾ സ്കൂൾ പ്രാർഥന ആലപിച്ചു. തന്റെ പ്രസംഗത്തിൽ, സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് വിദ്യാർഥികളെ അഭിനന്ദിച്ചു. അസി. ഹെഡ് ഗേൾ അൻവിത വി വി സ്വാഗതം പറഞ്ഞു. ഹെഡ് ബോയ് ജോയൽ ജോർജ് ജോഗിയും ഹെഡ് ഗേൾ മീനാക്ഷി മധു ദീപ്തിയും കേക്ക് മുറിച്ചു. വിടവാങ്ങൽ പ്രസംഗത്തിൽ അവർ അവരുടെ സ്വഭാവം, മൂല്യങ്ങൾ, അഭിലാഷങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ സ്‌കൂൾ വഹിച്ച നിർണായക പങ്കിന് നന്ദി പ്രകടിപ്പിച്ചു.
വിദ്യാർഥികളുടെ ബാൻഡ് പ്രകടനവും സിനിമാറ്റിക് നൃത്തവും ഉണ്ടായിരുന്നു. മികച്ച കലാകാരൻ, മികച്ച സംഗീതജ്ഞൻ തുടങ്ങിയ പ്രത്യേക അവാർഡുകൾ സമ്മാനിച്ചു. വിദ്യാർഥികൾ തന്നെ ചിത്രീകരിച്ച്, എഡിറ്റ് ചെയ്ത വിടവാങ്ങൽ വീഡിയോ ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു. അസിസ്റ്റന്റ് ഹെഡ് ബോയ് ആരോൺ ജോഷ് തോമസ് നന്ദി പറഞ്ഞു. 11-ാം ക്ലാസ് വിദ്യാർത്ഥികളായ ജോയൽ ഷൈജു, ഇവാന റേച്ചൽ ബിനു, ഇഷിത, ശ്രാവണ, ആര്യൻ, യാസ്മിൻ, റിവ, അഭിനവ്, ഇഷാൻ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സീനിയർ സെക്ഷൻ ഹെഡ് ടീച്ചർ റെജി വർഗീസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മറ്റ് ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.










0 comments