ad
Deshabhimani

ഇന്ത്യൻ സ്കൂളിൽ വേനലവധി വെട്ടിക്കുറക്കൽ; രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി

indian school parents
വെബ് ഡെസ്ക്

Published on Jan 31, 2026, 12:38 PM | 1 min read

മസ്‌കത്ത്‌ : ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ വേനലവധി വെട്ടിക്കുറക്കാനുള്ള ഡയറക്‌ടർ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്ന് രക്ഷിതാക്കൾ. അവധി വെട്ടിച്ചുരുക്കിയ നടപടി മൂലം ജൂൺ, ജൂലൈ മാസങ്ങളിലെ കടുത്ത ചൂടിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസർഡർക്ക്‌ നിവേദനം നൽകി.

കുട്ടികളുടെ ആരോഗ്യാവസ്ഥയെ ഉൾപ്പെടെ ബാധിക്കുന്നതാണ് തീരുമാനമെന്ന്‌ രക്ഷിതാക്കൾ പറഞ്ഞു. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന പുതിയ തീരുമാനം ശാസ്ത്രീയമായ യാതൊരു പഠനങ്ങളും നടത്താതെയാണ് ഡയറക്ടർ ബോർഡ് കൈക്കൊണ്ടിരിക്കുന്നത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് തങ്ങളുടെ വാർഷിക അവധി തീരുമാനിക്കുന്നതിലും വലിയ പ്രതിസന്ധിയാണ് പുതിയ തീരുമാനം. സ്കൂൾ അവധി ചുരുങ്ങുന്നതുകൂലം നാട്ടിലേക്കുള്ള വിമാന ടിക്കറ്റിലും വലിയ വർധനയുണ്ടാകാൻ സാധ്യതയുണ്ട്‌.

ഒമാനിൽതന്നെ പ്രവർത്തിക്കുന്ന മറ്റു ചില ഇന്ത്യൻ സ്കൂളുകളിൽ വേനലവധി വെട്ടിച്ചുരുക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യം പരിശോധിക്കുന്നതിനും നിർദേശങ്ങൾ സമർപ്പിക്കാനുമായി അക്കാദമിക് കമ്മിറ്റിയെ നിയോഗിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. പ്രസ്‌തുത കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ, രക്ഷിതാക്കൾ, അധ്യാപക പ്രതിനിധികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ എന്നിവരെ ഉൾപ്പെടുത്തണമെന്നും നിവേദനത്തിലുണ്ട്‌. ദിനേശ് ബാബു, വി എം അരുൺ, ബിനു കേശവൻ, റിയാസ് കൊട്ടാപ്പുറത്ത്, മിഥുൻ മോഹൻ, സുബിൻ, നിസാർ അഭിലാഷ് എന്നിവർ രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home