ജൂലൈ മുതൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഫീസ്; കുവൈത്തിലെ നിരക്കുകൾ ഉയർത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി വഴി ലഭിക്കുന്ന പാസ്‌പോർട്ട്, പാസ്‌പോർട്ട് അനുബന്ധ കോൺസുലർ സേവനങ്ങളുടെ ഫീസ് കേന്ദ്ര സർക്കാർ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ജിഎസ്ആർ 516(ഇ) ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വർധന.
സാധാരണ പാസ്‌പോർട്ട്, ജംബോ പാസ്‌പോർട്ട്, പാസ്‌പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോർട്ടിന് പകരം പുതിയ പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസി.സി), സർറണ്ടർ സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി), നോൺ റെസിഡന്റ് ഇന്ത്യൻ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അടിസ്ഥാനമാക്കിയുള്ള ജനന സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം പരിശോധന ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ ബാധകമാകുക.
36 പേജുള്ള സാധാരണ പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടിന്റെ ഫീസ് 23 കുവൈത്ത് ദിനാറിൽ നിന്ന് 38 ദിനാറായി വർധിപ്പിച്ചു. തത്കാൽ സേവനത്തിനുള്ള ഫീസ് 68 ദിനാറിൽ നിന്ന് 76 ദിനാറായി ഉയർന്നു. 36 പേജുള്ള നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോർട്ടിന് പകരം പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള ഫീസ് 46 ദിനാറിൽ നിന്ന് 65 ദിനാറായും, തത്കാൽ സേവനത്തിനുള്ള ഫീസ് 91 ദിനാറിൽ നിന്ന് 103 ദിനാറായും വർധിപ്പിച്ചിട്ടുണ്ട്.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി), നോൺ റെസിഡന്റ് ഇന്ത്യൻ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അടിസ്ഥാനമാക്കിയുള്ള ജനന സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ ഫീസ് 8 ദിനാറിൽ നിന്ന് 13 ദിനാറായി ഉയർത്തി. സർറണ്ടർ സർട്ടിഫിക്കറ്റിന്റെ ഫീസും 8 ദിനാറിൽ നിന്ന് 13 ദിനാറായി വർധിപ്പിച്ചു. എമർജൻസി സർട്ടിഫിക്കറ്റിന്റെ ഫീസിൽ മാറ്റമില്ല. ഇത് 5 ദിനാറായി തുടരും.
എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് ആദ്യമായി നൽകുന്ന അഞ്ച് വർഷ കാലാവധിയുള്ള 36 പേജുള്ള പാസ്‌പോർട്ടിനും 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ പുതിയ പാസ്‌പോർട്ടിനുമുള്ള ഫീസ് 15 ദിനാറിൽ നിന്ന് 26 ദിനാറായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, എട്ട് വയസ്സ് വരെയുള്ള കുട്ടികളുടെയും 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെയും പുതിയ പാസ്‌പോർട്ട് അപേക്ഷകൾക്ക് പാസ്‌പോർട്ട് ഫീസിൽ നിലവിലുള്ള 10 ശതമാനം ഇളവ് തുടരുമെന്ന് ഇന്ത്യ സർക്കാർ അറിയിച്ചു. എന്നാൽ, ഈ ആനുകൂല്യം പാസ്‌പോർട്ട് പുതുക്കൽ അപേക്ഷകൾക്ക് ലഭിക്കില്ല.
പുതുക്കിയ ഫീസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ ഇന്ത്യൻ എംബസിയുടെ കോൺസുലർ ആൻഡ് പാസ്‌പോർട്ട് വിഭാഗവുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.











0 comments