പൂട്ടിച്ച റസ്റ്റോറന്റിൽ അനധികൃത പ്രവേശനം: കുവൈത്തിൽ 6 പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി : കുവൈത്ത് അഗ്നിശമനസേനയുടെ ഉത്തരവിനെ അവഗണിച്ച്, അടച്ചിട്ട റസ്റ്റോറന്റ് വീണ്ടും തുറന്ന സംഭവത്തിൽ ആറു പ്രവാസികള്‍ പിടിയിൽ. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ജലീബ് അൽ ശുയൂഖ് പ്രദേശത്താണ് സംഭവം. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം പുറത്തായത്.
ഓപ്പറേഷൻ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമസകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിന്നിലൂടെ, സ്റ്റിക്കർ ഇല്ലാത്ത വാതിൽ വഴി റസ്റ്റോറന്റിലേക്ക് പ്രവേശിച്ചതായി പിടിയിലായ തൊഴിലാളികൾ സമ്മതിച്ചു. സ്ഥിരമായി പ്രവർത്തനം തുടരുകയായിരുന്നില്ല. റസ്റ്റോറന്റിൽ ശേഖരിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ കേടാകുംമുമ്പ് നീക്കം ചെയ്യാനാണ് കയറിയതെന്നും തൊഴിലാളികൾ വിശദീകരിച്ചു. എന്നാൽ, നിലവിലെ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ മറികടക്കാനാണ് ശ്രമം എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
അടച്ചിട്ട സ്ഥാപനത്തിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് ഗുരുതര നിയമലംഘനമാണ്. അടയ്ക്കലിന് പിന്നാലെ സ്റ്റിക്കറുള്ളതോ അല്ലാതെയോ എന്നത് വിഷയമല്ല. പ്രവേശനം തന്നെ വിലക്കപ്പെട്ടതാണ്–- കുവൈത്ത് അഗ്നിശമനസേന വക്താവ് അറിയിച്ചു. കുവൈത്തിലെ നിലവിലെ നിയമം പ്രകാരം, ഇത്തരം ഉത്തരവുകൾ ലംഘിക്കുന്ന പ്രവാസികളെ നേരിട്ട് നാടുകടത്തുന്ന നടപടിയാണ് സ്വീകരിക്കുന്നത്. സ്വദേശികളാണെങ്കിൽ കേസിൽ കോടതി വഴി നടപടി എടുക്കും.










0 comments