കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട: 40 ലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് കടത്തൽ ശ്രമം കുവൈത്തിലെ സുരക്ഷാസേന സംയുക്തമായി പരാജയപ്പെടുത്തി. ഏകദേശം 40 ലക്ഷം കാപ്റ്റഗൺ ഗുളികകളാണ് ഈ നീക്കത്തിൽ പിടികൂടിയത്. 12 ദശലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 336 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സൈക്കോട്രോപിക് ലഹരിവസ്തുക്കളാണ് അധികൃതർ പിടിച്ചെടുത്തത്.
ക്രിമിനൽ സെക്യൂരിറ്റി സെക്റ്ററിന്റെ കീഴിലുള്ള മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ (ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ്) നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ജനറൽ കസ്റ്റംസ്, ഫയർ ഫോഴ്‌സ് എന്നീ സുരക്ഷാ ഏജൻസികളുമായി ചേർന്നാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന പൈപ്പുകൾക്കുള്ളിലായിരുന്നു ഗുളികകൾ ഒളിപ്പിച്ചിരുന്നത്. കുവൈത്തിൽ കാപ്റ്റഗൺ ഗുളികകൾ വൻതോതിൽ എത്തിക്കാനുള്ള പദ്ധതിയുണ്ടെന്ന് രഹസ്യാന്വേഷണത്തിൽ വ്യക്തമായതോടെ അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു.
ഓപ്പറേഷന്റെ ഭാഗമായി രാജ്യത്തിനകത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ലഹരി കടത്തിന്റെ പ്രധാന സൂത്രധാരൻ വിദേശത്താണെന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികൾ ആരംഭിച്ചു.








0 comments