ad
Deshabhimani

ഹെസ തെരുവ്‌ നവീകരണം; ആദ്യഘട്ടം പൂർത്തിയായി: ഗതാഗതശേഷി ഇരട്ടിയാകും

hessa dubai
വെബ് ഡെസ്ക്

Published on Jan 13, 2026, 02:02 PM | 2 min read

ദുബായ് : ദുബായിലെ പ്രധാന പാതകളിലൊന്നായ ഹെസ തെരുവ്‌ നവീകരണ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി ആർടിഎ. അൽ ഖൈൽ റോഡിൽനിന്ന് ഷെയ്ഖ് സായിദ് റോഡവരെ 4.5 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ പ്രവർത്തനക്ഷമമാക്കിയത്. പദ്ധതിയുടെ ഭാഗമായി തെരുവ്‌ വീതി വർധിപ്പിക്കുകയും അൽ അസായേൽ തെരുവ്‌, ഫസ്റ്റ് അൽ ഖൈൽ തെരുവ്‌, ഷെയ്ഖ് സായിദ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന ജങ്‌ഷനുകളിൽ പാലങ്ങൾ നിർമിക്കുകയും ചെയ്തു. രണ്ടുവരിപ്പാത ഇരുദിശകളിലുമായി നാലു വരിയാക്കി വികസിപ്പിച്ചു. അൽ ഖൈൽ റോഡിൽനിന്നുള്ള വാഹനങ്ങൾ ഹെസ തെരുവുവഴി ഷെയ്ഖ് സായിദ് റോഡിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമെന്ന് ആർടിഎ അറിയിച്ചു.

പദ്ധതിയുടെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി ആർടിഎ വ്യക്തമാക്കി. ശേഷിക്കുന്ന റോഡ് നിർമാണം, പാലങ്ങൾ, ജങ്‌ഷൻ മെച്ചപ്പെടുത്തൽ, സൈക്ലിങ് ട്രാക്കുകൾ തുടങ്ങിയവ ഈ വർഷത്തിന്റെ രണ്ടാം പാദത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 69 കോടി ദിർഹം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന്‌ ആർടിഎ ഡയറക്‌ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാത്തർ അൽ തായർ പറഞ്ഞു. അൽ സഫൂഹ് 2, അൽ ബർശ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വാസമേഖലകൾക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണിത്. 2030 ഓടെ ഈ മേഖലകളിലെ ജനസംഖ്യ 6.4 ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ ഹെസ തെരുവിലെ ഗതാഗതശേഷി മണിക്കൂറിൽ 8000 വാഹനങ്ങളിൽനിന്ന് 16,000 ആയി ഇരട്ടിയാകും. ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ തെരുവ്‌, അൽ അസായേൽ തെരുവ്‌, അൽ ഖൈൽ റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന നാല് പ്രധാന ജങ്‌ഷനുകളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. ഇതിനൊപ്പം 13.5 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിങ്, ഇ സ്കൂട്ടർ ട്രാക്കുകളും നിർമിക്കുന്നു. 4.5 മീറ്റർ വീതിയുള്ള ട്രാക്കുകൾ അൽ സഫൂഹിനെയും ദുബായ്‌ ഹിൽസിനെയും ഹെസ തെരുവുവഴി ബന്ധിപ്പിക്കും. അൽ ബർശ, ബർശ ഹൈറ്റ്സ് എന്നിവിടങ്ങളിലെ താമസ മേഖലകൾക്കും ഇതിലൂടെ ഗുണം ലഭിക്കും. 2024ന്റെ അവസാനം ഉദ്ഘാടനം ചെയ്ത അൽ ഖൈൽ റോഡ് ജങ്‌ഷനിൽനിന്ന് ഷാർജ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി രണ്ടുവരി നേരിട്ടുള്ള റാമ്പും ഇതിനകം പ്രവർത്തനക്ഷമമായിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും പദ്ധതി നിർണായകമാകുമെന്നും ആർടിഎ വിലയിരുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home