ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌കോളര്‍ഷിപ്; 3-–ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

ദുബായ്: ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌കോളര്‍ഷിപ് പദ്ധതിയുടെ മൂന്നാം ബാച്ചിലേക്ക് യോഗ്യരായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് 2026–-27 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചത്. ദുബായ് നൗ സ്‌മാര്‍ട്ട് ആപ്പിലെ ‘എമിറാത്തി’ വിഭാഗം വഴി ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
2023–-24, 2024–-25, 2025–-26 അധ്യയന വര്‍ഷങ്ങളില്‍ ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കിയ എമിറാത്തി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാകും. ദുബായില്‍നിന്നുള്ള ഫാമിലി ബുക്ക് ഉണ്ടായിരിക്കണം, മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചവരാകരുത്, അംഗീകൃത സര്‍വകലാശാലകളില്‍നിന്നോ അക്കാദമിക് പ്രോഗ്രാമുകളില്‍നിന്നോ ഓഫര്‍ ലെറ്റര്‍ ലഭിച്ചിരിക്കണം, തെരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട രാജ്യത്ത് പൂര്‍ണകാല പഠനത്തിന് തയ്യാറാകണം തുടങ്ങിയ നിബന്ധനകളും പാലിക്കണം.
110 കോടി ദിര്‍ഹം ബജറ്റുള്ള പദ്ധതിയിലൂടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍നിന്ന് മികച്ച വിജയം നേടിയ 100 എമിറാത്തി വിദ്യാര്‍ഥികള്‍ക്ക് ഓരോ വര്‍ഷവും പൂര്‍ണമായും ഫണ്ട് ചെയ്യുന്ന സ്‌കോളര്‍ഷിപ് നല്‍കും. ദുബായുടെ ഭാവി വികസനത്തിന് നിര്‍ണായക മേഖലകളില്‍ ബിരുദം നേടാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി.
ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം 2024ൽ ആണ് പദ്ധതി ആരംഭിച്ചത്. ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളില്‍ പഠന സൗകര്യമൊരുക്കി മികവുറ്റ എമിറാത്തി വിദ്യാര്‍ഥികളെ വളര്‍ത്തുകയാണ് ലക്ഷ്യം. ദുബായ് സാമ്പത്തിക അജൻഡ, ദുബായ് സാമൂഹ്യ അജൻഡ 33, വിദ്യഭ്യാസ തന്ത്രം 33 എന്നിവയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
ആദ്യ രണ്ട് വര്‍ഷത്തില്‍തന്നെ മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. നിലവില്‍ സ്‌കോളര്‍ഷിപ് നേടിയ വിദ്യാര്‍ഥികളില്‍ 70 ശതമാനം പേരും ലോകത്തെ മികച്ച 100 സര്‍വകലാശാലകളിലാണ് പഠനം തുടരുന്നത്. കംപ്യൂട്ടര്‍ സയന്‍സ്, എഐ, ഡിജിറ്റല്‍ ടെക്‌നോളജി, ബിസിനസ് ഫിനാന്‍സ്, മെഡിസിന്‍, നിയമം തുടങ്ങിയ മേഖലകളിലാണ് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്.









0 comments