ad
Deshabhimani

കണ്ണൂരിലും ഹജ്ജ് ഹൗസ്

ഹജ്ജ് യാത്രക്കാർക്കായി സംസ്ഥാന സർക്കാരിന്റെ വിപുലമായ ഒരുക്കം

hajj p p muhammad rAFI
വെബ് ഡെസ്ക്

Published on Sep 15, 2025, 03:13 PM | 2 min read

അബുദാബി : ഹജ്ജ് യാത്രക്കാർക്കായി ഇത്തവണയും വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയതെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി. പുറപ്പെടുന്നതുമുതൽ തിരിച്ചുവരുന്നതുവരെ സ്വീകരിക്കേണ്ട സാങ്കേതികവിവരങ്ങൾ ഉൾക്കൊള്ളിച്ച് തീർഥാടകർക്ക്‌ ക്ലാസ് നൽകും. 150 പേർക്ക് ഒരാൾ എന്ന നിലയിൽ സർക്കാർ പ്രതിനിധികളെ സഹായത്തിനായി അയക്കുമെന്നും അദ്ദേഹം അബുദാബിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


ഇന്ത്യയിൽ ഒരു ലക്ഷം സീറ്റാണ് പരിഗണിച്ചത്. അതിൽ കേരളത്തിന് 8530 എണ്ണം ലഭിച്ചു. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന 65 വയസോ അതിനു മുകളിലോ പ്രായമുള്ള വിഭാഗത്തിൽ അപേക്ഷിച്ച എല്ലാവരെയും തെരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45നും 65നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 3562 പേർക്ക് അവസരം ലഭിച്ചു. കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. ഇതിനായി ഒരേക്കര്‍ സ്ഥലം സർക്കാർ അനുവദിച്ചു. 27 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ടിക്കറ്റ് നിരക്ക്‌ വർധിച്ചതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. അവസരം ലഭിച്ചതില്‍ ആയിരത്തില്‍ താഴെ മാത്രമാണ് കോഴിക്കോട് എംബാര്‍ക്കേഷന്‍ തിരഞ്ഞെടുത്തിട്ടുള്ളൂ. ആദ്യഘട്ടത്തില്‍ 8530 പേരെ തെരഞ്ഞെടുത്തപ്പോള്‍ 4995 പേരും കൊച്ചിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്. കണ്ണൂരില്‍നിന്ന്‌ ഉള്ളവർ 2892 ആണ്‌. കോഴിക്കോടുനിന്നും 632 ആയി ചുരുങ്ങി. എന്നാൽ, ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതാണ് കഴിഞ്ഞ വര്‍ഷം നിരക്ക് കൂടാന്‍ കാരണമായത്. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രശ്‌നപരിഹാം വേണമെന്ന്‌ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അടുത്ത വർഷംമുതൽ 20 ദിവസത്തെ പ്രത്യേക ഹജ്ജ് പാക്കേജ്‌ ഉണ്ടാകും. താൽപര്യമുള്ളവർ അപേക്ഷാ സമയം വെബ്‌സൈറ്റിൽ നൽകിയ ഷോർട്ട് ഹജ്ജ് പാക്കേജ് ഓപ്ഷൻ തെരഞ്ഞെടുക്കണം. കേരളത്തിൽനിന്ന്‌ കൊച്ചി മാത്രമാണ് പ്രത്യേക ഹജ്ജിന് എംബാർക്കേഷൻ പോയിന്റ്. അവസരം ലഭിക്കുന്ന പ്രവാസികള്‍ ഹജ്ജ് ക്യാമ്പിന് 10 ദിവസം മുമ്പ് നാട്ടിലെത്തണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സമര്‍പ്പണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നാട്ടില്‍നിന്ന് പുറപ്പെടുന്ന പ്രവാസികള്‍ക്ക്, ഹജ്ജിനുശേഷം ജോലി സ്ഥലത്തേക്കോ മറ്റോ സ്വന്തം ചെലവില്‍ യാത്ര ചെയ്യാമെന്നും മുഹമ്മദ് റാഫി പറഞ്ഞു. ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ധീൻ, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home