ഹജ്ജ്, അവധിക്കാല മടക്കയാത്ര; വിപുലമായ സജ്ജീകരണവുമായി ദുബായ് കസ്റ്റംസ്

ദുബായ് : ഹജ്ജ് തീർഥാടകരുടെയും ബലിപെരുന്നാൾ അവധിക്കാല യാത്രക്കാരുടെയും മടക്കയാത്ര സുഗമമാക്കാൻ വിപുലമായ സജ്ജീകരണവുമായി ദുബായ് കസ്റ്റംസ്. വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശനകേന്ദ്രങ്ങളിലുമുള്ള പ്രവർത്തനം ശക്തിപ്പെടുത്തിയാണ് വർധിച്ച യാത്രക്കാരെ സ്വീകരിക്കാൻ തയ്യാറെടുത്തത്.
യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും കസ്റ്റംസ് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും അത്യാധുനിക സ്‌മാർട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി കസ്റ്റംസ് അറിയിച്ചു. ദുബായിലെത്തുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹജ്ജ് തീർഥാടകരുടെ വരവ് കൂടുതൽ എളുപ്പമാക്കാനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൈവശമുള്ള സാധനങ്ങൾ പരിശോധിക്കാൻ ഫെഡറൽ ഐഡന്റിറ്റി, പൗരത്വം, കസ്റ്റംസ്, തുറമുഖ സുരക്ഷാ അതോറിറ്റിയുടെ കൗണ്ടറിന് സമീപം പ്രത്യേക പാത സജ്ജമാക്കി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകളിൽ പുറംകവാടങ്ങൾക്ക് സമീപമുള്ള ബാഗേജ് ബെൽറ്റുകൾ ഹജ്ജ് തീർഥാടകർക്കായി പ്രത്യേകം ക്രമീകരിച്ചു. കൂടാതെ, പ്രത്യേക പുറംകടക്കൽ കവാടങ്ങളും ഇലക്‌ട്രോണിക് പരിശോധനാ ചാനലുകളും അനുവദിച്ച് യാത്രക്കാരുടെ ഗതാഗതം വേഗത്തിലാക്കാനുള്ള നടപടികളും സ്വീകരിച്ചു. അടിയന്തര സാഹചര്യം നേരിടാനായി ദുബായ് ആംബുലൻസ് സർവീസസ് കോർപറേഷനുമായി സഹകരിച്ച് വിമാനത്താവളത്തിലെ ദുബായ് കസ്റ്റംസ് ഹാളുകളിൽ പാരാമെഡിക്കൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും പ്രവർത്തനക്ഷമത ഉയർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഏകോപിത പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. ആഗോള യാത്ര, വ്യോമയാന, ലോജിസ്റ്റിക്‌സ് സേവന രംഗങ്ങളിലെ പ്രമുഖ കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ നടപടികൾ സഹായിക്കും.
ഹത്ത അതിർത്തി പ്രവേശനകേന്ദ്രത്തിലും സമാനമായ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് കസ്റ്റംസിലെ ഹത്ത കസ്റ്റംസ് മാനേജ്മെന്റ് ഡയറക്ടർ ഖാലിദ് അൽ മുഅദിൻ അറിയിച്ചു. യാത്രക്കാരുടെ സുഗമമായ നീക്കവും വേഗത്തിലുള്ള നടപടിക്രമങ്ങളും ഉറപ്പാക്കാനായി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.









0 comments