ജിപിഐസി രണ്ടാംഘട്ട അറ്റകുറ്റപ്പണി; സിത്രയിൽ മുൻകരുതലുകൾ

photo credit: ANI
മനാമ: ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജിപിഐസി) പ്ലാന്റിലെ രണ്ടാംഘട്ട സാങ്കേതിക അറ്റകുറ്റപ്പണികൾ പുനരാരംഭിക്കുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി സിത്രയിലെ ബ്ലോക്ക് 619 ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ ആഭ്യന്തര മന്ത്രാലയം കർശന മുൻകരുതലുകൾ പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണിക്കിടെ അമോണിയ വാതക ചോർച്ചയുണ്ടാകാനുള്ള നേരിയ സാധ്യത പോലും കണക്കിലെടുത്ത് പ്ലാന്റിന് ചുറ്റുമുള്ള രണ്ട് കിലോമീറ്റർ പ്രദേശം അതീവ ജാഗ്രതാ മേഖലയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്ലാന്റിലെ ചില യൂണിറ്റുകൾക്ക് തീപിടിച്ചത്. തീ ഉടനടി നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ പ്ലാന്റിലെ നാശനഷ്ടങ്ങൾ പരിഹരിക്കുമ്പോഴുള്ള സുരക്ഷ മുൻനിർത്തി പരിസരവാസികളിൽ ചിലരെ താൽക്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റി. മറ്റുള്ളവർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ആഭ്യന്തര മന്ത്രാലയം ബഹ്റൈൻ ടിവിയിലൂടെ അറിയിച്ചു.
അറ്റകുറ്റപ്പണികൾക്കായി നിശ്ചയിച്ചിട്ടുള്ള രണ്ട് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങളുമായി പൂർണ്ണമായി സഹകരിക്കണമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഈസ ഹസൻ അൽ ഖത്താൻ അഭ്യർത്ഥിച്ചു. ജനസാന്ദ്രതയുള്ള പ്രദേശത്തെ വ്യവസായ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവിൽ ഡിഫൻസ് വിഭാഗം സജ്ജമാണ്. വാതക ചോർച്ചയുണ്ടായാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിർദ്ദേശമുണ്ട്. വെന്റിലേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്യുകയും നനഞ്ഞ തോർത്ത് ഉപയോഗിച്ച് വാതിലിന്റെ വിടവുകൾ അടക്കുകയും വേണം. മൂക്ക്, തൊണ്ട അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടിയന്തര സേവനത്തിനായി 999 എന്ന നമ്പറിൽ ബന്ധപ്പെടണം. കൂടുതൽ വിവരത്തിനും നിർദ്ദേശങ്ങൾക്കുമായി നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്ഫോം സന്ദർശിക്കണം. ഗവൺമെന്റിന്റെ മുൻകരുതൽ നടപടികൾക്ക് സിത്ര എംപി ജലീല അൽ സയ്യിദും പ്രദേശവാസികളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.










0 comments