ad
Deshabhimani

ദുബായിലെ ഇരുനൂറിലധികം അധ്യാപകർക്കു ഗോൾഡൻ വിസ

UAE GOLDEN VISA
വെബ് ഡെസ്ക്

Published on Oct 05, 2025, 12:00 PM | 1 min read

ദുബായ്: ദുബായിലെ ഇരുനൂറിലധികം മികച്ച അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഗോൾഡൻ വിസ. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഗോൾഡൻ വിസ അനുവദിക്കാൻ നിർദ്ദേശിച്ചത്.


പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സ്കൂളുകൾ, അന്താരാഷ്ട്ര സർവകലാശാലകൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് ദീർഘകാല താമസാനുമതി ലഭിക്കും. ദുബായിലെ പ്രൈവറ്റ് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ അംഗീകാരമാണിത്.


“വിദ്യാഭ്യാസമാണ് ഭാവിയെ പ്രകാശിപ്പിക്കുന്ന വെളിച്ചം. അധ്യാപകർ നമ്മുടെ കുട്ടികൾക്ക് പ്രചോദനവും മാർഗ്ഗദർശനവും ആത്മവിശ്വാസവും നൽകുന്നവർ ആണ്. അറിവിനെയും നിഷ്ഠയെയും സേവന മനോഭാവത്തെയും ദുബായ് എത്രമാത്രം വിലമതിക്കുന്നുവെന്നതിന് തെളിവാണ് അധ്യാപകർക്ക് ഗോൾഡൻ വിസ നൽകുന്നത്” — ഷെയ്ഖ് ഹംദാൻ പറഞ്ഞു.


ലോക അധ്യാപകദിനമായ ഒക്ടോബർ അഞ്ചിനോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഗോൾഡൻ വിസയ്ക്കായി അപേക്ഷിച്ച 435 അധ്യാപകരിൽ 223 പേർക്ക് വിസ അനുവദിച്ചു. ഇതിൽ 157 പേർ സ്കൂളുകളിൽ നിന്നുള്ളവരും, 60 പേർ സർവകലാശാലകളിൽ നിന്നുള്ളവരും, ആറുപേർ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നുള്ളവരുമാണ്.


മേധാവിത്ത നിലയിലുള്ള വിദ്യാഭ്യാസ നേതാക്കൾ മുതൽ സോഷ്യൽ വർക്കർമാർ, ലൈബ്രേറിയന്മാർ വരെ ഉൾപ്പെടുന്ന വിവിധ മേഖലകളിൽ നിന്നുള്ളവർക്കാണ് വിസ ലഭിച്ചത്. വിദ്യാഭ്യാസ യോഗ്യത, സാമൂഹിക സംഭാവനകൾ, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണം, ഗവേഷണ പ്രവർത്തനങ്ങൾ, ദേശീയ–അന്തർദേശീയ അവാർഡുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അധ്യാപകരെ തെരഞ്ഞെടുത്തത്.


ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ രണ്ടാം ഘട്ട ഗോൾഡൻ വിസയ്ക്ക് അപേക്ഷകൾ സ്വീകരിക്കും. ദുബായിലെ പ്രൈവറ്റ് പ്രീ–സ്കൂളുകൾ, സ്കൂളുകൾ, അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ അധ്യാപകർക്ക് അപേക്ഷിക്കാം. 2024 ഒക്ടോബറിൽ ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച ദുബായ് എജ്യുക്കേഷൻ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ പദ്ധതി. മികച്ച അധ്യാപകരെ ദുബായിലേക്ക് ആകർഷിച്ച്, വിദ്യാഭ്യാസ രംഗത്ത് ദീർഘകാല ദർശനമുള്ള മുന്നേറ്റം ലക്ഷ്യമിടുകയാണ് സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home