ഗ്ലോബൽ വില്ലേജ് സീസൺ 31; ഭക്ഷ്യ- പാനീയ സ്ഥാപന രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 31–-ാം സീസണിന് മുന്നോടിയായി ഭക്ഷ്യ-പാനീയ മേഖലയിലെ സ്ഥാപനങ്ങളിൽനിന്ന് രജിസ്ട്രേഷൻ ആരംഭിച്ചു. പാചക സംരംഭകർ, സ്വതന്ത്ര ബ്രാൻഡുകൾ, നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്ക് ഗ്ലോബൽ വില്ലേജിൽ തങ്ങളുടെ ബിസിനസ് അവതരിപ്പിക്കാനുള്ള അവസരമാണിത്. രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുന്നത്.
റസ്റ്റോറന്റ്, കോഫി ഷോപ്പ് വിഭാഗത്തിലേക്ക് ഏഴുമുതൽ 18 വരെയും കിയോസ്ക്, ഫുഡ് ട്രോളി വിഭാഗത്തിലേക്ക് 13 മുതൽ 26 വരെയും അപേക്ഷിക്കാം. പുതുതായി രംഗത്തെത്തുന്നവർക്കും നേരത്തേ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അപേക്ഷ നൽകാം. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് കസ്റ്റമൈസ് ചെയ്യാവുന്ന സജ്ജീകരണങ്ങൾ, ജീവനക്കാരുടെ വിസ നടപടികൾക്കുള്ള സഹായം, ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് നടപടികൾ, സംഭരണ സൗകര്യം, ഇലക്ട്രോണിക് പേയ്‌മെന്റ് ടെർമിനലുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കും. സീസണിലുടനീളം പ്രവർത്തനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും നൽകും.
ഭക്ഷ്യ-പാനീയ മേഖലയിലെ പുതിയ സംരംഭങ്ങൾക്ക് വളരാനുള്ള പ്രധാനവേദിയായി ഗ്ലോബൽ വില്ലേജ് മാറിയിട്ടുണ്ട്. 30–-ാം സീസണിൽ 90-ൽ അധികം സംസ്കാരങ്ങളുടെ വൈവിധ്യമാർന്ന രുചികൾ അവതരിപ്പിക്കുന്ന 250-ൽ അധികം ഭക്ഷണശാലകളും ഔട്ട്‌ലെറ്റുകളും പ്രവർത്തിച്ചിരുന്നു. നിരവധി ചെറുകിട ഭക്ഷ്യസംരംഭങ്ങൾക്ക് ബ്രാൻഡുകളായി വളരുന്നതിനും ഗ്ലോബൽ വില്ലേജ് വേദിയൊരുക്കിയിട്ടുണ്ട്.
പുതിയ സീസണിലും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ യുഎഇയിലെ താമസക്കാരെയും വിവിധ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെയും ലക്ഷ്യമിടുന്ന ഭക്ഷ്യ-പാനീയ സ്ഥാപനങ്ങൾക്ക് മികച്ച വാണിജ്യാവസരമാണ് ഗ്ലോബൽ വില്ലേജ് ഒരുക്കുന്നത്. താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഗ്ലോബൽ വില്ലേജിന്റെ ബിസിനസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. 31–-ാം സീസണിന്റെ ഉദ്ഘാടന തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ-്‌ചകളിൽ പ്രഖ്യാപിക്കും.










0 comments