ad
Deshabhimani

കുവൈത്തിലെ സ്കൂളുകളിൽ പണപ്പിരിവ് പാടില്ല

kuwait
വെബ് ഡെസ്ക്

Published on Sep 14, 2026, 09:49 AM | 1 min read

കുവൈത്ത് സിറ്റി : സ്കൂളുകളിൽ പണപ്പിരിവും സമ്മാനങ്ങൾ സംഭാവനകൾ എന്നിവ സ്വീകരിക്കുന്നതും വിലക്കി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിനും ചിത്രീകരണം നടത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കി. സുരക്ഷിതവും അച്ചടക്കമുള്ളതുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ റാഷിദ് പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശങ്ങൾ.


ഔദ്യോഗിക അനുമതിയില്ലാതെ മന്ത്രാലയത്തിനു പുറത്തുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ-്‌കൂളുകളിൽ അതിഥികളായി ക്ഷണിക്കരുത്. വ്യക്തിപരമോ സാമ്പത്തികമോ ആയ നേട്ടത്തിനായി വിദ്യാർഥികൾക്കും ജീവനക്കാർക്കുമിടയിൽ ഉൽപന്നങ്ങളും സേവനങ്ങളും വിൽക്കുന്നതും പ്രചരിപ്പിക്കുന്നതും പരസ്യപ്പെടുത്തുന്നതും നിരോധിച്ചിട്ടുണ്ട്.


സ-്‌കൂൾ കാന്റീനുകളുടെ പ്രവർത്തനത്തിനും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. അംഗീകാരമില്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഭക്ഷണപാനീയങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. ആരോഗ്യ–ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ദിവസേന പരിശോധന നടത്തുകയും ലംഘനങ്ങൾ രേഖപ്പെടുത്തുകയും വേണം.


മുൻകൂർ രേഖാമൂലമുള്ള സമ്മതമില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തുന്നതും അവരുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതും വിലക്കി. സ-്‌കൂൾ രേഖകളും രഹസ്യവിവരങ്ങളും വിദ്യാർഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങളും വെളിപ്പെടുത്തുകയോ ദുരുപയോഗം ചെയ്യുകയോ അരുത്.


മന്ത്രാലയത്തിന്റെയോ സ-്‌കൂളുകളുടെയോ പേരിൽ പ്രസ്താവന നടത്തുന്നതിനും വാർത്ത പ്രസിദ്ധീകരിക്കുന്നതിനും ജീവനക്കാർക്ക് ഔദ്യോഗിക അനുമതി ആവശ്യമാണ്. ക്ലാസ് സമയത്ത് പഠനാവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോണുകളും സ്മാർട്ട് ഉപകരണങ്ങളും ഉപയോഗിക്കരുതെന്നും അധ്യാപകർക്ക് നിർദേശം നൽകി.


അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള ചട്ടലംഘനങ്ങൾ അന്വേഷണത്തിനും അച്ചടക്ക നടപടിക്കുമായി ഉടൻ നിയമകാര്യ വിഭാഗത്തിന് കൈമാറും. സർക്കുലറിലെ നിർദേശങ്ങൾ എല്ലാ ജീവനക്കാരെയും അറിയിക്കുകയും അവർ വായിച്ചറിഞ്ഞതായി രേഖപ്പെടുത്തുകയും വേണം. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തടയാൻ സ-്‌കൂൾ അധികൃതർ നടപടി സ്വീകരിക്കണം. ചട്ടങ്ങൾക്കും തൊഴിൽമര്യാദകൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home