തുടർച്ചയായ ആക്രമണങ്ങൾ; മണിപ്പൂരിൽ നാല് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അജ്ഞാതർ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി വിഭാഗത്തിൽപ്പെട്ട നാല് പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് എൻഎസ്‌സിഎൻ (ഐഎം), ഇസഡ് യുഎഫ് (കെ) എന്നിവയുമായി ബന്ധമുള്ള നാഗാ വിമതരാണ് ഉത്തരവാദികളെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. താമെങ്‌ലോങ്, നോനി ജില്ലകളിലുണ്ടായ സംഭവങ്ങൾക്ക് പിന്നാലെ ഒരു സ്ത്രീയെ കാണാതായതായും റിപ്പോർട്ടുണ്ട്.
താമെങ്‌ലോങ് ജില്ലയിലെ ടോളൻ ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ സെയ്‌ന സിങ്‌സിറ്റ് എന്നയാളും ഭാര്യ ലിങ്‌സാങായിയും കൊല്ലപ്പെട്ടു. ഇവരുടെ ആറുവയസ്സുള്ള മകന് വെടിയേറ്റ് പരിക്കേറ്റു. ഭാര്യ സംഭവസ്ഥലത്തും ഭർത്താവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ കുടുങ്ങിയ വെടിയുണ്ട നീക്കം ചെയ്യാൻ ഇന്ന് ശസ്ത്രക്രിയ നടത്തും.
മറ്റൊരു സംഭവത്തിൽ അരി കൊണ്ടുപോകുകയായിരുന്ന സംഘത്തെ അജ്ഞാതരായ തോക്കുധാരികൾ പതിയിരുന്ന് ആക്രമിച്ചു. ജൂലി ഗാങ്‌തെ, താങ്‌റോവൽ ഗാങ്‌തെ എന്നി രണ്ടുപേർ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെ കാണാതായതായും പൊലീസ് അറിയിച്ചു.
മണിപ്പൂരിലെ കുക്കി–നാഗാ, കുക്കി–മെയ്തെയ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണങ്ങൾ. 2023ൽ ആരംഭിച്ച കുക്കി–മെയ്തെയ് സംഘർഷത്തിൽ 260 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
നിരപരാധികളായ സാധാരണക്കാർക്കെതിരായ ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി വൈ കെംചന്ദ് സിങ് പറഞ്ഞു. സംഭവത്തിൽ കടുത്ത ദുഃഖമുണ്ടെന്നും അക്രമങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.









0 comments