600 ഡ്രോൺ ഷോ, സ്‌കൈ ഡൈവിങ്, വെടിക്കെട്ട്; പുത്തൻ കാഴ്‌ചകളുമായി ഗ്ലോബൽ വില്ലേജ് 30ാം പതിപ്പ്

ദുബായ് : ലോക സഞ്ചാരികളുടെ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന വ്യത്യസ്‌ത പരിപാടികളാണ് ഗ്ലോബൽ വില്ലേജിന്റെ 30–-ാം പതിപ്പിൽ അരങ്ങേറുകയെന്ന് അധികൃതർ. ഉദ്ഘാടനത്തിൽ 600 ഡ്രോണുകളുടെ വിസ്‌മയകരമായ ഷോ, വിങ്‌സ്യൂട്ട് സ്‌കൈ ഡൈവർമാർ, മനോഹരമായ വെടിക്കെട്ട് തുടങ്ങിയ ദൃശ്യാനുഭവങ്ങൾ തുടങ്ങിയവ സന്ദർശകർക്കായി ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദുബായിലെ പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രത്തിലെ ഇൗ വർഷത്തെ പതിപ്പ് 15-ന് വൈകിട്ട് ആറിന് ഉദ്‌ഘാടനം ചെയ്യും.
‘പരേഡ് ഓഫ് ദ വേൾഡ്’ എന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ആഘോഷം ആരംഭിക്കും. വിവിധ രാജ്യങ്ങളുടെ പവിലിയൻ പ്രതിനിധികളും ററ്റുംബാർ സ്‌ട്രീറ്റ് ഡ്രമ്മർമാരും പങ്കെടുക്കും. പിന്നാലെ ആകാശത്ത് 600 ഡ്രോൺ ‘30’ എന്ന പ്രതീക രൂപം തീർക്കുന്ന പ്രദർശനവും വെടിക്കെട്ടുമുണ്ടാകും. രാത്രി ഒന്പതിന് ഡ്രോണുകൾ ‘സ്വാഗതം’ സന്ദേശം അവതരിപ്പിക്കും. വിങ് സ്യൂട്ട് ഡൈവർമാർ തീയും വെളിച്ചവുമുള്ള പാതകളുമുള്ള സുന്ദരമായ കാഴ്ച സൃഷ്ടിക്കും.
‘ദ്രാഗൺ കിങ്‌ഡം’ എന്ന പേരിൽ വ്യത്യസ്‌ത പ്രമേയത്തിലുള്ള 11 നടത്ത അനുഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡ്രാഗൺ ലേക്ക് ലേസർ ഷോ പുതുമയോടെ മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗിന്നസ് റെക്കോഡ് നേടിയ സ്ക്രീൻ മാറ്റി കൂടുതൽ വ്യക്തതയുള്ള പുതിയ സ്‌ക്രീൻ സ്ഥാപിച്ചു. തടാകത്തിന്റെ മധ്യത്തിലെ പ്രശസ്‌ത ഡ്രാഗണിന്റെ പുതുക്കിയ രൂപം പ്രേക്ഷകരെ വിസ്‌മയിപ്പിക്കും. ദുബായ് പൊലീസ് സൂപ്പർകാറുകൾ, ലൈറ്റ് ഷോകൾ, സാംസ്‌കാരിക-വേദി അവതരണങ്ങൾ എന്നിവയും ഈ വർഷത്തെ ആകർഷണങ്ങളാണ്. പ്രധാന വേദിയും കൂടുതൽ സന്ദർശകരെ ഉൾക്കൊള്ളാനായി നവീകരിച്ചു. അടുത്ത മെയ് 10 വരെ നീളുന്ന പതിപ്പിൽ അനവധി ആഗോള സാംസ്‌കാരിക അനുഭവങ്ങൾ സമ്മാനിക്കും. കഴിഞ്ഞ വർഷം 1.05 കോടി സന്ദർശകരെ ഗ്ലോബൽ വില്ലേജ് ആകർഷിച്ചിരുന്നു.










0 comments