സർക്കാർ ജോലിയിൽ പൂർണ സ്വദേശിവൽക്കരണം പ്രായോഗികമല്ല: യുഎഇ മന്ത്രി

ദുബായ് : യുഎഇയിലെ സർക്കാർ ജോലികളിൽ 100 ശതമാനം സ്വദേശിവൽക്കരണം പ്രായോഗികമല്ലെന്ന് ധന സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി. രാജ്യത്തെ ജനസംഖ്യാഘടനയും തൊഴിൽവിപണിയുടെ ആവശ്യകതകളും കണക്കിലെടുക്കുമ്പോൾ എല്ലാ തസ്തികകളും സ്വദേശികൾക്ക് നികത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ചേർന്ന ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) യോഗത്തിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
2025-ൽ സർക്കാർ 5370 ജീവനക്കാരെ നിയമിച്ചു. നിലവിൽ സർക്കാർ ജീവനക്കാരിൽ 65 ശതമാനവും യുഎഇ പൗരന്മാരാണ്. ജീവനക്കാരുടെ ജോലി ഉപേക്ഷിക്കൽ നിരക്ക് അഞ്ചുശതമാനത്തിൽ താഴെയാണ്. ഇത് തൊഴിൽ സ്ഥിരതയും ആകർഷകമായ തൊഴിൽ അന്തരീക്ഷവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശിവൽക്കരണ നിരക്ക് ശ്രദ്ധേയമായ പുരോഗതിയാണെങ്കിലും ഇപ്പോഴും വിവിധ തസ്‌തികകളിൽ ജോലി ചെയ്യുന്നവരിൽ വിദേശികളാണ് വലിയൊരു ശതമാനമെന്നും സ്വദേശികളുടെ പങ്കാളിത്തം കൂടുതൽ ഉയർത്താൻ സർക്കാർ പദ്ധതികളുണ്ടോയെന്നും കൗൺസിൽ അംഗം സാറ ഫലക-്‌നാസ് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് 100 ശതമാനം സ്വദേശിവൽക്കരണം യാഥാർഥ്യബോധമുള്ള ലക്ഷ്യമല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതുപോലെതന്നെ അവരെ തൊഴിൽ മേഖലയിൽ നിലനിർത്തുന്നതും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ മത്സരക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘നാഫിസ്’ പദ്ധതി തൊഴിൽരംഗത്തെ സ്വദേശികളുടെ ദീർഘകാല സാന്നിധ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments