ad
Deshabhimani

print edition ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് അന്തരിച്ചു

Sheikh Hamad Al Thani

മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി

വെബ് ഡെസ്ക്

Published on Jul 13, 2026, 01:21 AM | 1 min read

ദോഹ: ആധുനിക ഖത്തറിന്റെ ശില്പികളിലൊരാളായ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. ഞായർ രാവിലെ ഖത്തർ അമീരി ദിവാനാണ് (റോയൽ കോർട്ട്) മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കൾ മുതൽ നാലുദിവസം മന്ത്രാലയങ്ങളും പൊതുസ്ഥാപനങ്ങളും പ്രവർത്തിക്കില്ല. രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തി.


1995 മുതൽ 2013 വരെ ഭരണാധികാരിയായിരുന്ന അദ്ദേഹം ഖത്തറിനെ ആഗോളസ്വാധീനശക്തിയായി വളർത്തി. ഖത്തർ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽഥാനിയുടെ മകനായ ഷെയ്ഖ് ഹമദ് 1952 ജനുവരിയിൽ ദോഹയിലാണ് ജനിച്ചത്. ബ്രിട്ടനിലെ സാൻഡ്ഹെർസ്റ്റിലെ റോയൽ മിലിട്ടറി അക്കാദമിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. 1971ൽ സായുധസേനയിൽ ചേർന്ന അദ്ദേഹം ഖത്തറിന്റെ സൈനികശക്തി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സൈനികമേധാവിയായും മേജർ ജനറൽ പദവിയിൽ കമാൻഡർ- ഇൻ-ചീഫായും സേവനമനുഷ്ഠിച്ചു. 1977-ൽ പ്രതിരോധമന്ത്രിയായും കിരീടാവകാശിയായും നിയമിതനായി.


1992 മുതൽ പിതാവിന്റെ ഭരണത്തിൽ പങ്കാളിയായ ഷെയ്ഖ് ഹമദ് സാമ്പത്തിക–സാമൂഹിക നയങ്ങൾ രൂപീകരിക്കുന്നതിൽ സ്വാധീനശക്തിയായി. 1995 ജൂൺ 27ന് ഖത്തറിന്റെ അമീറായി അധികാരമേറ്റു. ‘ഫാദർ അമീർ' എന്ന് ഖത്തർ ജനത ആദരവോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ ഭരണകാലം രാജ്യചരിത്രത്തിലെ സുവർണ കാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയിലെ സങ്കീർണമായ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിഷ്‌പക്ഷ മധ്യസ്ഥനായി ഖത്തറിനെ നയതന്ത്ര ശക്തിയായി ഉയർത്താനും അദ്ദേഹത്തിനായി. മരണശേഷം മാത്രം അധികാരം കൈമാറുന്ന പാരമ്പര്യം അട്ടിമറിച്ചും അദ്ദേഹം ശ്രദ്ധനേടി. 2013ൽ തന്റെ നാലമാത്തെ മകനായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് അധികാരം കൈമാറി ഷെയ്ഖ് ഹമദ് സ്ഥാനമൊഴിഞ്ഞു.


ദീർഘവീക്ഷണമുള്ള ഭരണപരിഷ്‌കാരങ്ങളിലൂടെയും പ്രകൃതിസമ്പത്തിന്റെ കൃത്യമായ വിനിയോഗത്തിലൂടെയും ഖത്തറിനെ സമ്പന്ന രാജ്യങ്ങളിലൊന്നായി ഉയർത്തി. 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം മുതൽ അൽ ജസീറ മാധ്യമ ശൃംഖലയുടെ തുടക്കം വരെ, ഓരോ ചുവടുവയ്‌പ്പും ഖത്തറിനെ ആധുനികതയുടെ പാതയിലേക്ക് നയിച്ചു. ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home