പ്രളയ ദുരിതാശ്വാസ ഫണ്ട് വിവാദം: പേരന്റ്സ് ഫോറം പ്രവർത്തകർ നിവേദനം നൽകി

നിസ്വ : ഇന്ത്യൻ സ്കൂൾ നിസ്വ – കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പേരെന്റ്സ് ഫോറം പ്രവർത്തകർ സ്കൂൾ അധികൃതർക്ക് നിവേദനം നൽകി. 2018-ലെ കേരള പ്രളയ സമയത്ത് ദുരിതബാധിതർക്കായി ഇന്ത്യൻ സ്കൂൾ നിസ്വയിലെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അദ്ധ്യാപകരിൽനിന്നും നിന്നും ശേഖരിച്ച ദുരിതാശ്വാസ നിധി ഇതുവരെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു (സി എം ഡി ആർ എഫ്) കൈമാറിയിട്ടില്ലെന്ന വെളിപ്പെടുത്തൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. സ്കൂളിന്റെ നിലവിലെ ബോർഡ് ചെയർമാൻ നടത്തിയ പ്രസ്താവനയിലാണ് വിവരം പുറത്തുവന്നത്.
കേരളത്തിലെ ദുരിത ബാധിതരായ മനുഷ്യരെ സഹായിക്കാനായി, സ്കൂളിന്റെ അഭ്യർത്ഥന പ്രകാരമാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും സംഭാവന നൽകിയത്. എന്നാൽ ശേഖരിച്ച തുക ദുരിതാശ്വാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചുവെന്ന വിവരം പുറത്തുവന്നതോടെ പേരെന്റ്സ് ഫോറം പ്രവർത്തകർ പ്രതിഷേധമുയർത്തുകയായിരുന്നു. ശേഖരിച്ച മുഴുവൻ തുകയും അടിയന്തരമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറണമെന്നും സംഭവവുമായി ബന്ധപ്പെട്ട യഥാർത്ഥ സാഹചര്യം വ്യക്തമാക്കുന്നതിനായി അടിയന്തരമായി ഒരു ഓപ്പൺ ഫോറം വിളിക്കണമെന്നും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.
വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണവും തുടർ നടപടികളും അറിയാനായി കാത്തിരിക്കുകയാണെന്ന് പേരന്റസ് ഫോറം പ്രതിനിധികളായ അനീഷ്, കിരൺ, സുനിൽ പൊന്നാനി, പ്രശാന്ത് എന്നിവർ അറിയിച്ചു.









0 comments