വാഹനാപകടത്തെ തുടർന്ന് തീപിടിത്തം: 2 മരണം

കുവൈത്ത് സിറ്റി : കുവൈത്തിലെ സുബ്ഹാൻ മേഖലയിൽ ഞായർ പുലർച്ചെ വാഹനാപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നിയന്ത്രണംവിട്ട വാഹനം പാർക്ക് ചെയ്‌തിരുന്ന നിരവധി ബസുകളിലിടിച്ച് മറിയുകയായിരുന്നു. പിന്നാലെ വാഹനത്തിന് തീപിടിക്കുകയും സമീപത്ത് നിർത്തിയിട്ടിരുന്ന ബസുകളിലേക്കും പടരുകയും ചെയ്തു.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് സുബ്ഹാൻ അഗ്നിരക്ഷാകേന്ദ്രത്തിൽനിന്നുള്ള സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ അതിവേഗം പടർന്നതിനാൽ നിരവധി ബസുകൾക്ക് തീപിടിച്ചു. തുടർന്ന് തീ നിയന്ത്രണവിധേയമാക്കി പൂർണമായും അണച്ചതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.
വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി അധികൃതർ വ്യക്തമാക്കി. തീപിടിത്തം നിയന്ത്രണത്തിലാക്കിയശേഷം അപകടസ്ഥലം സുരക്ഷിതമാക്കി ബന്ധപ്പെട്ട അന്വേഷണ വിഭാഗങ്ങൾക്ക് കൈമാറി. അപകടത്തിന്റെ കാരണം, വാഹനം നിയന്ത്രണം വിട്ട സാഹചര്യം, തീപിടിത്തത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്നിവ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ തിരിച്ചറിയൽ വിവരങ്ങളോ അപകടത്തിന്റെ കൃത്യമായ കാരണമോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.











0 comments