ad
Deshabhimani

കൂത്തുപറമ്പിൽ കാണാതായ 15കാരനായി അന്വേഷണം ഊർജിതം; കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ

koothuparamba student missing
വെബ് ഡെസ്ക്

Published on Sep 01, 2026, 10:40 AM | 1 min read

കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 വയസ്സുകാരൻ അദ്വൈതിനായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. പത്താം ക്ലാസ് വിദ്യാർഥിയായ അദ്വൈതിനെ ഇന്നലെ രാവിലെയോടെയാണ് കാണാതായത്. വിദ്യാർഥി ഇന്നലെ രാത്രി കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.


കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന മെമുവില്‍ നിന്നും ഇറങ്ങി പുറത്തേക്ക് പോകുന്ന വിദ്യാര്‍ഥിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭ്യമായത്. ഇന്ന് പുലര്‍ച്ചെ നാലരവരെ നാട്ടുകാരും രക്ഷിതാക്കളും കുട്ടി പോകാനിടയുള്ള പ്രദേശങ്ങളിലെല്ലാം വലിയതെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.


രാവിലെ ആറരയോടെ കൂത്തുപറമ്പ് പാറയിലുള്ള ട്യൂഷൻ സെന്ററിലേക്ക് എന്ന് പറഞ്ഞാണ് അദ്വൈത് വീട്ടിൽ നിന്നിറങ്ങിയത്. സാധാരണയായി ട്യൂഷന് ശേഷം സ്കൂളിലേക്ക് പോകേണ്ട കുട്ടി ക്ലാസിൽ എത്തിയില്ല. ഇക്കാര്യം അധ്യാപകർ വിവരമറിയിച്ചതോടെയാണ് വീട്ടുകാർ കൂത്തുപറമ്പ് പൊലീസിനെ സമീപിച്ചത്.


സ്കൂൾ യൂണിഫോമിൽ വീടുവിട്ടിറങ്ങിയ കുട്ടിയെ, തലശേരി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ സാധാരണ വസ്ത്രങ്ങൾ ധരിച്ച നിലയിലാണ് കണ്ടത്. കുട്ടി വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സ്ഥിരീകരിച്ചതോടെ ട്രെയിൻ മാർഗം എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ റെയിൽവേ പൊലീസുമായി സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.


സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കും അയൽ സംസ്ഥാനങ്ങളിലെ പൊലീസ് കേന്ദ്രങ്ങളിലേക്കും കുട്ടിയുടെ ചിത്രവും വിവരങ്ങളും കൈമാറിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് സമീപത്തെയും ട്രെയിനുകളിലെയും കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home